pinarayi-vijayan

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം തിരുത്താനോ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലോ ഇടപെടില്ലെന്ന് ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ. സർവകലാശാലകളിൽ നടക്കുന്നത് സ്പോൺസേഡ് സമരമാണെന്നും കമ്മിഷൻ ന്യൂനപക്ഷങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജോർജ് കുര്യൻ ഫ്ളാഷിനോട് സംസാരിക്കുന്നു..

#ഇടപെടേണ്ട സാഹചര്യമില്ല

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ ഇടപെടില്ല. എന്തെങ്കിലും നിയമലംഘനം രാജ്യത്ത് നടന്നിട്ടുണ്ടെന്ന് കമ്മിഷന് ബോധ്യപ്പെട്ടിട്ടില്ല. 1955ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിൽ നിന്ന് യാതൊരു മാറ്റവും നിലവിലുണ്ടായിട്ടില്ല. ഇത് ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്ന വിഷയമല്ല. ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറിയവരെ മാത്രം ബാധിക്കുന്ന വിഷയമാണിത്. അത്തരമൊരു വിഷയത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ എന്തിനാണ് ഇടപെടുന്നത്? പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നുഴഞ്ഞ് കയറിയവരാണ് അവരെല്ലാം. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പ്രശ്നമുണ്ടായപ്പോഴെല്ലാം കമ്മിഷൻ ഇടപെട്ടിട്ടുണ്ട്. അത് ഭാവിയിലും തുടരും. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. 1955ലെ നിയമത്തിൽ നിന്ന് ഇപ്പോഴത്തെ നിയമത്തിലേക്ക് എത്തുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടായാൽ എന്തെങ്കിലും അവകാശം നഷ്ടപ്പെട്ടാൽ കമ്മിഷൻ ഇടപെടും.പക്ഷേ, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ബിൽ പാസായശേഷം ഞാൻ അമിത്ഷായെ നേരിൽ കണ്ട് സന്തോഷവും അഭിനന്ദനവും അറിയിച്ചിരുന്നു.

#സർവകലാശാലകൾ സന്ദർശിക്കില്ല

ഇന്ത്യയിലെ ഗ്രാമങ്ങളിലൊന്നും യാതൊരു പ്രശ്നവുമില്ല. സർവകലാശാലകളിൽ പ്രത്യേക താത്പര്യത്തോടെ സ്പോൺസേഡ് സമരങ്ങളാണ് നടക്കുന്നത്. കേരളത്തിലും ബംഗാളിലും മാത്രമാണ് കുഴപ്പം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സമരം വ്യത്യസ്തമാണ്. 1971നുശേഷം വന്ന വിവിധമതത്തിൽപ്പെട്ടവരെ തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചയക്കണമെന്നാണ് പറയുന്നത്. വടക്കേന്ത്യക്കാർ പറയുന്നത് പ്രതിപക്ഷ നേതാക്കൾ അംഗീകരിക്കുന്നുണ്ടോ? അവർ നയം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങൾക്കിടയിൽ ബോധവത്കരണം നടത്താനാണ് കമ്മിഷന്റെ തീരുമാനം. വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ ബോധവത്കരണം നടത്തും. ആക്രമണം നടക്കുന്നിടത്തേയ്ക്ക് കമ്മിഷൻ അംഗങ്ങൾ പോകില്ല. സർവകലാശാലകളിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല. അടച്ചിട്ട സർവകലാശാലകളിലേയ്ക്ക് പോകേണ്ട ആവശ്യമില്ലല്ലോ..

#ക്രിസ്ത്യാനികളോടുള്ള നിലപാട് ?

നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റങ്ങളെ എല്ലാ രാജ്യങ്ങളും എതിർക്കാറുണ്ട്. അമേരിക്കയിലേക്ക് മെക്സിക്കോയിൽ നിന്ന് നുഴഞ്ഞുകയറ്റമുണ്ടായപ്പോൾ നിയമം പാസാക്കിയിട്ടും കാര്യമില്ലെന്ന് കണ്ട് ഒടുവിൽ മതിൽ കെട്ടുകയായിരുന്നു. മതിലിനപ്പുറത്ത് പട്ടിണി കിടന്നാണ് ഒരുപാട് പേർ മരിച്ചത്. അത്രയും ക്രൂരമായ കാര്യങ്ങളൊന്നും കേന്ദ്ര സർക്കാർ ചെയ്തിട്ടില്ല. അയൽ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്നവർ അഭയാർത്ഥികളായി എത്തിയാൽ അവരെ സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭ നിയമം പാസാക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ ഓരോവർഷവും നൂറ് കണക്കിന് ക്രിസ്ത്യാനികളെയാണ് ബോംബ് വച്ച് കൊല്ലുന്നത്. മതനിന്ദയുടെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികളെയും കൊന്നുകളയുന്നുണ്ട്. അവർക്ക് ഇന്ത്യയിൽ താമസിക്കാൻ ഈ നിയമം അനുവാദം കൊടുക്കുന്നുണ്ട്. പക്ഷേ, അതിനെയും കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എതിർക്കുകയാണ്. എന്തിനാണ് അവർ ക്രിസ്ത്യാനികളെ എതിർക്കുന്നതെന്ന് മനസിലാകുന്നില്ല.