പൗരത്വ ഭേദഗതിനിയമം എന്താണെന്നോ അത് ആരെയൊക്കെ സംബന്ധിക്കുന്നതെന്നോ മനസിലാക്കാതെയും ഭരണഘടനയിലെ അദ്ധ്യായം II ലെ വ്യവസ്ഥകളെപ്പറ്റി പഠിക്കാതെയും ഭരണാധികാരികളടക്കമുള്ളവരും കോൺഗ്രസ് പാർട്ടിയുടെ ഭിക്ഷാംദേഹികളും ഉറഞ്ഞുതുള്ളുന്നതു കാണുമ്പോൾ പലരും അറിയുന്നില്ല അവർ മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണെന്ന്.
അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽനിന്നും ഇന്ത്യയിലെത്തിയ ചില വിഭാഗം ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുദ്ദേശിച്ചു കൊണ്ടുള്ളതാണ് ഇൗ നിയമം. അതുമൂലം ഇന്ത്യൻ പൗരന്മാരായ 130 കോടി ജനങ്ങളിൽ ആർക്കും പൗരാവകാശം ഇല്ലാതാകുന്നില്ല. ഒരു രാജ്യത്ത് മറ്റുരാജ്യക്കാർ യഥേഷ്ടം കഴിയുന്നത് ആ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകും. അതൊഴിവാക്കിക്കൊണ്ടുമാത്രമേ രാഷ്ട്രത്തിന് തീരുമാനമെടുക്കാനാകൂ. അതിന് ഭരണഘടനയിലെ 11-ാം അനുച്ഛേദം പാർലമെന്റിന് അധികാരം നൽകുന്നു. ഒരുരാജ്യത്ത് , മറ്റുള്ള രാജ്യത്തുള്ളവർക്ക് പൗരത്വം ലഭിക്കുകയെന്നത് അവരുടെ മൗലികാവകാശമല്ല. അറേബ്യൻ രാജ്യങ്ങളിൽ മറ്റുള്ള രാജ്യങ്ങളിൽനിന്നു ചെല്ലുന്നവർക്കെല്ലാം പൗരത്വം നൽകുന്നില്ല. അവർ മരിച്ചാൽ അവിടെ ശവസംസ്കാരത്തിന് പോലും അനുവദിക്കുന്നില്ല. അത് ആ രാജ്യത്തിന്റെ നയമാണ്. ഇപ്പോൾ വാളെടുക്കുന്നവർ അറേബ്യൻ രാജ്യങ്ങളിലെ ഇൗ വിവേചനത്തിനെതിരെ അവിടെപ്പോയി ഒന്നു സമരം ചെയ്യാത്തതെന്താണ്? പോയാൽ തിരിച്ചുവരാനാവില്ലെന്നറിയാവുന്നതുകൊണ്ടാണ്.
ഇൗ വിഷയത്തിൽ കേരളകൗമുദി എഴുതിയ മുഖപ്രസംഗം കാര്യക്ഷമവും അവസരോചിതവും തന്നെയാണ്. ബില്ലിന്റെ വ്യാപ്തി എന്താണെന്ന് ശുദ്ധമലയാളത്തിൽ അതിൽ വിവരിച്ചിട്ടുണ്ട്. ആ നിലപാടിന് എത്ര അഭിനന്ദനം പറഞ്ഞാലും മതിയാകില്ല.
എൻ. ഗോപിനാഥൻ,
വടശേരിക്കോണം