ബാലരാമപുരം: ദേശീയപൗരത്വ ഭേദഗതി ബില്ലിനെതിരെ വെൽഫെയർ പാർട്ടി,​ എസ്.ഡി.പി.ഐ,​ ബി.എസ്.പി,​ മൈനോറിറ്റി റൈറ്റ്സ് സംയുക്തസമരസമിതികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ ഹർത്താലിൽ ബാലരാമപുരം തേമ്പാമുട്ടത്ത് കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറിഞ്ഞു. ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള വിഴിഞ്ഞം - കാട്ടാക്കട ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഉച്ചക്ക് 1.30ഓടെയാണ് സംഭവം. രാവിലെ ഹർത്താൽ അനുകൂലികൾ ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ നിന്നും ബാലരാമപുരത്തേക്ക് നടത്തിയ പ്രകടനം ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ തടഞ്ഞു. ദേശീയപാതയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഇവരെ സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. കരുതൽ തടങ്കലിന്റെ ഭാഗമായി ബാലരാമപുരത്ത് അഞ്ചുപേരെ പൊലീസ് കസ്റ്റയിലെടുത്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അനസ്,​ അൻസാർ,​ നാസർ,​ നിസാർ,​ ഷാഫി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബാലരാമപുരത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബാലരാമപുരം എച്ച്.എസ്.എസ്.എസ്,​ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പരീക്ഷകൾ തടസമില്ലാതെ നടന്നതായി പ്രഥമാദ്ധ്യാപികമാർ അറിയിച്ചു.