നെടുമങ്ങാട്: ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിൽ വില്ലനായത് ഭർത്താവിന്റെ അനാവശ്യ കൂട്ടുകെട്ടെന്ന് പൊലീസ്. കൊല ചെയ്യപ്പെട്ട ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തിൽ രഞ്ജിതയും (25) പ്രതിയായ ഭർത്താവ് അജീഷ് എന്ന അജിക്കുട്ടനും (27) താമസിച്ചിരുന്ന വീട്ടിൽ നിത്യസന്ദർശകരായിരുന്ന മൂന്ന് കൂട്ടുകാരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരാഴ്ച മുമ്പുവരെ അജിക്കുട്ടൻ കൂട്ടുകാരെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് സത്കരിക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അർദ്ധരാത്രി കഴിഞ്ഞും വീട്ടിൽ മദ്യപാനവും ബഹളവും പതിവായിരുന്നു. പരിസരവാസികൾ താക്കീത് നൽകിയിട്ടും കൂട്ടുകെട്ട് ഉപേക്ഷിക്കാൻ അജിക്കുട്ടൻ തയ്യാറായില്ല. കൊത്തപ്പണിക്കാരനായ ഇയാളോടൊത്ത് ജോലിക്ക് പോകുന്ന അകന്ന ബന്ധത്തിൽപ്പെട്ട യുവാക്കളാണ് വീട്ടിൽ വന്നിരുന്നത്. ഇവരുമായി രഞ്ജിത അടുപ്പത്തിലാണെന്നും താനുമായുള്ള ബന്ധം വേർപെടുത്തണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ വാർഡ് കൗൺസിലറെ അജിക്കുട്ടൻ സമീപിച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ വീട്ടിൽ വരാതായത്. ഈ അവസരം മുതലെടുത്ത് കൂട്ടുകാർ വീട്ടിലെത്തിയിരുന്നതായാണ് വിവരം. പിണങ്ങിക്കഴിഞ്ഞ അജിക്കുട്ടൻ ഞായറാഴ്ച രാത്രി വീട്ടിൽ വരുമ്പോൾ മകൻ ഉറക്കത്തിലായിരുന്നു. രഞ്ജിതയുമായി സംസാരിച്ചിരുന്ന കൂട്ടുകാർ അജിക്കുട്ടനെക്കണ്ടതോടെ പുറത്തുപോയി. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനിടെ രഞ്ജിതയെ താൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അജിക്കുട്ടൻ പൊലീസിനോട് പറഞ്ഞത്.

രണ്ടാമത്തെ ഗർഭം അലസിയത് അടിപിടിക്കിടെ

ഏഴര വർഷം മുമ്പ് വേറ്റിനാട് മൊട്ടമൂട് കോളനിയിൽ വച്ചാണ് അജിക്കുട്ടനും രഞ്ജിതയും പരിചയപ്പെടുന്നത്. അച്ഛനമ്മമാരായ തമ്പിയും താരയും രഞ്ജിതയ്ക്കും ഇളയ സഹോദരിക്കുമൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. വീട്ടിൽ കൊത്തപ്പണിക്ക് വന്ന അജിക്കുട്ടനുമായി ഇഷ്ടത്തിലായ രഞ്ജിതയെ ബന്ധുക്കൾ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. മൊട്ടമൂട്ടിലെ സ്ഥലവും വീടും വിറ്റ് വേങ്കവിളയിലെ ബന്ധുവിന്റെ സഹായത്തോടെ ഏഴുവർഷം മുമ്പാണ് പറമ്പുവാരത്ത് ഏഴുസെന്റും ചെറിയവീടും വാങ്ങി കുടുംബം ഇവിടേക്ക് താമസം മാറിയത്. അജിക്കുട്ടന്റെ കൂട്ടുകാരിൽ ഒരാൾ രഞ്ജിതയുടെ ഇളയ സഹോദരിയെ വിളിച്ചിറക്കിക്കൊണ്ട് പോയി വിവാഹം കഴിച്ചിരുന്നു. ഇതോടെ തമ്പിയും താരയും തമ്മിൽ പിരിഞ്ഞു. ഇതിനുശേഷം തമ്പി വേറ്റിനാട്ടെ ബന്ധുവിന്റെ വീട്ടിലേക്കും താര കുലശേഖരത്തേക്കും താമസം മാറി. പിന്നീടാണ് അജിക്കുട്ടന്റെ കൂട്ടുകാർ നിത്യസന്ദർശകരായതെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപാനത്തിനിടെ അജിക്കുട്ടനും കൂട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒന്നരക്കൊല്ലം മുമ്പ് രഞ്ജിതയുടെ രണ്ടാമത്തെ ഗർഭം അലസിയത്. ഏഴു വയസുകാരനായ മകൻ അബിയെ (ആദിത്യൻ) രഞ്ജിതയുടെ അച്ഛൻ മൊട്ടമൂട്ടിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആദിത്യൻ വേങ്കവിള രാമപുരം ഗവ.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.