തിരുവനന്തപുരം: സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണംപറഞ്ഞ് ജോലി ചെയ്തതിന്റെ വേതനം കൊടുക്കാതിരിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സി-ആപ്റ്റിൽ (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) നിന്നു 2013ൽ വിരമിച്ച ഭിന്നശേഷിക്കാരനായ എ. വിജുകുമാറിന് വിരമിക്കൽ ആനുകൂല്യമായ 2,77,101 രൂപയുടെ കുടിശിക അടിയന്തരമായി നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
സി ആപ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാനേജിംഗ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. 2001-02 മുതൽ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായി. 416 ജീവനക്കാരെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടു. അവർക്കുപോലും കുടിശിക നൽകാൻ കഴിഞ്ഞിട്ടില്ല. വിജുകുമാറിനുമുമ്പ് വിടുതൽ ചെയ്ത 9 ജീവനക്കാർക്ക് സർവീസ് ആനുകൂല്യം നൽകേണ്ടതുണ്ടെന്നും കുടിശിക നൽകാൻ സർക്കാരിനോട് ഫണ്ട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ലെന്നും എം.ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നു.