തിരുവനന്തപുരം: ഇന്നലെ വരെ, എത്തുന്നതും കാത്ത് വഴിക്കണ്ണുമായി നിന്നവരാണ്.ഇന്നലെ ഹർത്താൽ ദിനത്തിൽ അവരും കല്ലെടുത്തു. ഈ വഴി കണ്ടുപോകരുതെന്ന് കട്ടായം പറഞ്ഞു. എന്നു കരുതി ഇന്ന് അതേവഴി പോകാതിരിക്കാനൊക്കുമോ? നാലു ചക്രങ്ങളിലായിപ്പോയില്ലേ ജീവിതം! ഏതു ഹർത്താലിലും പ്രക്ഷോഭകരുടെ ഇരയാകുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ സങ്കടം ആരറിഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നലെ ചില സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ 23 കെ.എസ്.ആർ.ടി.സി ബസുകൾക്കാണ് കല്ലേറിൽ ചില്ല് നഷ്ടമായത്. വേറെയും നാശനഷ്ടങ്ങൾ പറ്റി. നാല് ഡ്രൈവർമാർക്ക് കല്ലേറിൽ പരിക്കേറ്റു. കോർപ്പറേഷന് നഷ്ടം 25 ലക്ഷം രൂപ.
ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇന്നലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നില്ല. സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷയ്ക്കും മാറ്റമുണ്ടായില്ല. ചിലേടത്തൊഴികെ സർക്കാർ ഓഫീസുകളും ബാങ്കുകളും പതിവു പോലെ തുറന്നു. കല്ലേറു പേടിച്ച് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതിരുന്നപ്പോൾ കെ.എസ്.ആർ.ടി.സിക്ക് കൈയുംകെട്ടി നോക്കിയിരിക്കാനാകുമോ? അതിന്റെ ശിക്ഷയാണ് കണ്ടതും കിട്ടിയതും.