vikram-

ഇന്ത്യൻ ബഹിരാകാശഗവേഷണത്തിന്റെ പിതാവാണ് വിക്രം സാരാഭായ്. അമേരിക്കയ്‌ക്കും റഷ്യയ്ക്കുമൊപ്പം ബഹിരാകാശശാസ്ത്ര രംഗത്ത് ഭാരതം ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് വിക്രം സാരാഭായ് നൽകിയ പ്രചോദനമാണ്. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിക്കുമ്പോൾ അതിന്റെ ശക്തി അത് പുറപ്പെടുമ്പോൾ ലഭിക്കുന്ന ശക്തമായ തള്ളലിൽ നിന്ന് ലഭിക്കുന്ന ഉൗർജ്ജമാണ്. അതുപോലെ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രം ഇന്ന് ഉന്നതങ്ങളിലേക്ക് വളരുമ്പോൾ അതിന്റെ ശക്തി വിക്രം സാരാഭായ് അതിന് തുടക്കമിട്ടപ്പോൾ നൽകിയ സ്വപ്നങ്ങളുടെ ശക്തിയാണ്.

തിരുവനന്തപുരത്ത് തുമ്പയിലാണ് അരനൂറ്റാണ്ട് മുൻപ് അദ്ദേഹം ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. പിന്നീട് പതിനായിരത്തോളം പേർ ജോലി ചെയ്യുന്ന ഐ.എസ്. ആർ.ഒ.യുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റായി വളർന്ന് വി.എസ്. എസ്. സിയായി. ഇന്ന് തിരുവനന്തപുരത്ത് ഐ.എസ്. ആർ. ഒയ്ക്ക് നാല് പ്രധാന യൂണിറ്റുകളുണ്ട്. രാജ്യത്ത് ഐ.എസ്. ആർ.ഒയ്‌ക്ക് ഏറ്റവുമധികം യൂണിറ്റുകളുള്ളതും കേരളത്തിലാണ്. അതിന് തുടക്കമിട്ട വിക്രം സാരാഭായിയുടെ ജൻമശതാബ്ദി വർഷമാണിത്. വിക്രം സാരാഭായ് 1971 ഡിസംബർ 30ന് നിര്യാതനായതും തിരുവനന്തപുരത്തെ കോവളത്തുവച്ചാണ്.

ഇതെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരത്ത് കവടിയാറിൽ സാരാഭായിക്ക് സ്മാരകം നിർമ്മിക്കാനുള്ള ഐ.എസ്. ആർ.ഒ.യുടെ തീരുമാനം. കവടിയാറിൽ കൊട്ടാരം വളപ്പിനടുത്ത് സർക്കാർ നൽകിയ 1.75 ഏക്കർ സ്ഥലത്താണ് അറുപത് കോടിരൂപ ചെലവിൽ മനോഹരമായ ഹെറിറ്റേജ് സ്മാരകമുയരുന്നത്. ആഡിറ്റോറിയം, ലൈബ്രറി, ബഹിരാകാശ പഠന ഗവേഷണ സംവിധാനം എന്നിവയാണ് ഇവിടെ ഒരുക്കുക.

നേരത്തെ കലാം മ്യൂസിയത്തിനായി സർക്കാർ അനുവദിച്ച സ്ഥലമാണിത്. ഇവിടെ അഞ്ച് നിലകളുള്ള പടുകൂറ്റൻ റിസർച്ച് സെന്റർ സ്ഥാപിക്കാനാണ് ഐ.എസ്. ആർ.ഒ. തീരുമാനിച്ചിരുന്നത്. എന്നാൽ നഗരപൈതൃക സംരക്ഷണ സമിതിയുടെ എതിർപ്പിനെ തുടർന്നാണിത് മാറ്റിവെച്ചത്. കോഴിക്കോട്ടെ പ്രമുഖ സ്ഥാപനം നൽകിയ രൂപകൽപന നിലനിറുത്തി പള്ളിപ്പുറത്തെ കെ.എസ്. ഐ.ഡി.എല്ലിലെ സ്ഥലത്ത് കലാം സ്പെയ്സ് മ്യൂസിയം സ്ഥാപിക്കും.

സാരാഭായ് സ്മാരകത്തിന് ഹെറിറ്റേജ് രൂപകൽപനയാണ് സ്വീകരിക്കുക. ഇതിനുള്ള മാതൃകകൾ ക്ഷണിച്ചിട്ടുണ്ട്. പുറമെ കലാം മ്യൂസിയത്തിന് നൽകിയ സ്ഥലം സാരാഭായ് സ്മാരകത്തിനായി ഉപയോഗിക്കുന്നതിന് സർക്കാർ ഒൗപചാരിക അനുമതി നൽകേണ്ടതുണ്ട്. ഇത് പൂർത്തിയായാൽ സാരാഭായ് സ്മാരകത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ഐ.എസ്. ആർ.ഒ. അറിയിച്ചു.