benny-behanan

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം സർക്കാരുമായി ചേർന്ന് നടത്തിയ സംയുക്ത പ്രക്ഷോഭം യു.ഡി.എഫ് തീരുമാനപ്രകാരമല്ലെന്ന് മുന്നണി കൺവീനർ ബെന്നി ബെഹനാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നിയമസഭയിൽ പ്രാതിനിദ്ധ്യമുള്ള കക്ഷികൾ നടത്തിയ പ്രക്ഷോഭമാണത്. യു.ഡി.എഫ് നേതൃത്വത്തിലായിരുന്നെങ്കിൽ താനും കൂടിയാണ് ചർച്ച നടത്തേണ്ടിയിരുന്നത്. കക്ഷി നേതാക്കൾ തമ്മിൽ സംസാരിച്ച് വേഗത്തിലെടുത്ത തീരുമാനമായിരുന്നു. തന്നോട് ടെലിഫോണിൽ പ്രതിപക്ഷ നേതാവ് സംസാരിച്ചിരുന്നു. യു.ഡി.എഫ് അതിൽ പങ്ക് ചേരേണ്ടതില്ലെന്നാണ് താൻ പറഞ്ഞത്. ആ സമരം ഒരു സന്ദേശം നൽകുന്നതിനായിരുന്നു. അതവിടെ അവസാനിച്ചു. എൽ.ഡി.എഫും യു.ഡി.എഫും ചേർന്നൊരു സമരം ഇനിയില്ല. സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യത്തിൽ ആശയവിനിമയം വേണ്ട രീതിയിലുണ്ടായിട്ടില്ല. വലിയ കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ല. കഴിഞ്ഞ ദിവസത്തെ യു.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷ നേതാവ് തന്നെ അക്കാര്യം വ്യക്തമാക്കി. അതൃപ്തി ഉണ്ടായിരുന്നവരുടെ പ്രതിഷേധവും അതോടെ മാറി. ഇനിയും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അത് മാറ്റണം. തീരുമാനമെടുക്കും മുമ്പ് നിയമസഭയിലെ കക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പാർട്ടിയെയും നിയമസഭാകക്ഷിയെയും ഒന്നായി കാണേണ്ട. നിയമസഭയിൽ ഇങ്ങനെ ഏകകണ്ഠമായി പ്രമേയങ്ങൾ പാസാക്കാറുണ്ട്. ഇപ്പോൾ സഭ ചേരാത്തതിനാൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒന്നിച്ചെന്ന് മാത്രം.

മതാടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കുന്നതിനെതിരായ സമരത്തിന്റെ നേതൃനിരയിൽ രാജ്യത്ത് കോൺഗ്രസാണ്. ആർക്കും തങ്ങൾക്കൊപ്പം ആ സമരത്തിൽ പങ്കുചേരാം. ഏതെങ്കിലും കക്ഷികളുടെ പിന്നാലെ പോകേണ്ട സാഹചര്യം കോൺഗ്രസിനില്ല. ഇടതുമുന്നണി നടത്തുന്ന സമരത്തിന് പിറകേ പോകേണ്ട ഗതികേടുമില്ല. സംയുക്ത സമരത്തിൽ പങ്കെടുത്തുവെന്നത് കൊണ്ട് ഇടതു സർക്കാരിന്റെ എല്ലാ ചെയ്തികൾക്കും ഗുഡ് സർട്ടിഫിക്കറ്റ് നൽകുമെന്ന് കരുതേണ്ട.- ബെന്നി ബെഹനാൻ പറഞ്ഞു.