പൗരത്വഭേദഗതി ബില്ലിന്റെ വരികൾക്കിടയിൽ വായിക്കും മുമ്പ് വരികൾ ശ്രദ്ധിച്ചു വായിച്ചാൽ ഒരു കാര്യം വ്യക്തമാകും, പാകിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽ നിന്നും മതപീഡനം സഹിക്കവയ്യാതെ ഇന്ത്യയിൽ അഭയം തേടിയ ന്യൂനപക്ഷങ്ങൾക്കു ആശ്രയം നൽകാനുള്ള നിയമമാണ് ഇതെന്ന്. പീഡിപ്പിക്കപ്പെടുന്നവർക്ക് മറ്റു രാജ്യങ്ങളിൽ അഭയം തേടാനുള്ള അവകാശം നൽകുന്ന യു.എൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് ഈ നിയമം.
2003ൽ ശ്രീ. മൻമോഹൻ സിംഗ് രാജ്യസഭയിൽ ആവശ്യപ്പെടുകയുണ്ടായല്ലോ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ മതപീഡനം ഏൽക്കേണ്ടി വന്നവർ ഇന്ത്യയിലെത്തുമ്പോൾ അവർക്കു പൗരത്വം നൽകുന്നത് കൂടുതൽ ഉദാരമാക്കണമെന്ന്. ഇതേ ആവശ്യം തന്നെയല്ലേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് 2012ൽ രേഖാമൂലം ആവശ്യപ്പെട്ടതും. അങ്ങനെ നോക്കുമ്പോൾ ഒരു ദേശീയ വികാരമല്ലേ ഇപ്പോഴത്തെ ബില്ലിൽ നിഴലിച്ചു കാണുന്നത്. ഗവൺമെന്റും പ്രതിപക്ഷവും ഒന്നിച്ചെടുത്ത ഒരു തീരുമാനമായി വേണ്ടേ ഇതിനെ കാണാൻ.
ഇന്ന് ധാരാളം ആളുകൾ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. അവർ പറയുന്നു ഒരു പ്രത്യേക സമൂഹത്തെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്ന്. യാഥാർത്ഥ്യമെന്താണ്? ഇന്ത്യയിൽ ജീവിക്കുന്ന ആരുടെയും പൗരത്വം എടുത്തു കളയുന്ന ഒരു നിർദ്ദേശവും ബില്ലിൽ ഇല്ല.
ഭരണഘടനയുടെ ആമുഖത്തിൽ തന്നെ വ്യക്തമായി പറയുന്നുണ്ട് ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന്. എല്ലാ മതങ്ങൾക്കും ഇവിടെ നിലനില്‌പുണ്ട്. ഇതിനെതിരായി എന്തെങ്കിലും ഈ നിയമത്തിലുണ്ടോ? പിന്നെ എവിടെയാണ് വിവേചനം? പീഡിതരായ പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും ജൈനന്മാർക്കും ബുദ്ധമതക്കാർക്കും സിഖുകാർക്കും ഹിന്ദുക്കൾക്കും സംരക്ഷണം നൽകാനുള്ള നിയമത്തിന്റെ പ്രയോജനം പീഡിതരല്ലാത്ത മറ്റു വിഭാഗങ്ങൾക്ക് നൽകുന്നില്ലെന്ന് പറഞ്ഞാൽ അത് യുക്തിക്കു നിരക്കുന്നതല്ലല്ലോ. ഇന്ത്യയിൽ വിഭാഗീയത സൃഷ്ടിച്ച് സാമുദായികസ്പർദ്ധ വളർത്തി താത്ക്കാലിക നേട്ടമുണ്ടാക്കാനുള്ള ഹീനമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഇന്ന് തെരുവിൽ നടക്കുന്ന നാടകമെന്ന് പറയേണ്ടിവരും.
ആർക്കെങ്കിലും നെഞ്ചെത്ത് കൈവെച്ചു പറയാൻ കഴിയുമോ ഭരണഘടന ന്യൂനപക്ഷങ്ങൾക്കു നൽകുന്ന എതെങ്കിലും ഒരവകാശം ഗവണ്മെന്റ് എടുത്തു കളഞ്ഞെന്ന്. എടുത്തു കളയാനാവില്ല. കാരണം ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഒരു ഗവണ്മെന്റിനും അതിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരെ നീങ്ങാൻ കഴിയില്ല. ഭൂരിപക്ഷത്തിനില്ലാത്ത എത്രയോ ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്കു നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് ന്യൂനപക്ഷ വനിതകളുടെ നേതൃത്വ വികസനത്തിനുള്ള നയി റോഷ്നി, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉപജീവനത്തിനുള്ള നയി മൻസിൽ, ന്യൂനപക്ഷ നൈപുണ്യ വികസനത്തിനുള്ള സീഖ് ഔർ കമാവോ പദ്ധതി, ന്യൂനപക്ഷങ്ങളുടെ തനതു പൈതൃകത്തെ സംരക്ഷിക്കാനുള്ള ഹമാരി ദരോഹർ തുടങ്ങിയ പദ്ധതികൾ കൂടി ചേർത്തു വായിച്ചതിനു ശേഷം വേണം രാജ്യത്തിന്റെ ന്യൂനപക്ഷ നിലപാടിനെ വിലയിരുത്താൻ.
അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും വന്ന ന്യൂനപക്ഷങ്ങൾക്കൊപ്പം എന്തേ മറ്റു പ്രബല സമുദായത്തിന് പൗരത്വം നൽകുന്നില്ല? കാരണം, അവിടെ ആ സമുദായം ഭൂരിപക്ഷമാണ്, ന്യൂനപക്ഷമല്ല. കമുകിന്റെ ത്ലാപ്പ് തെങ്ങിനും വേണം എന്നു ശഠിക്കാമോ? ഇന്ത്യയിൽത്തന്നെ ന്യൂനപക്ഷത്തിനു മാത്രം നൽകുന്ന ആനുകൂല്യങ്ങൾ ഭൂരിപക്ഷത്തിനും നൽകണമെന്നു പറയും പോലെയല്ലെ അത്. ഈ മൂന്നു രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിയ മുസ്ലിം സമുദായംഗങ്ങൾ അവിടെ പീഡനം അനുഭവിച്ചിട്ടില്ല. ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുകയാണ് ചെയ്തത്.
ഇന്ന് പലരും മാദ്ധ്യമങ്ങളിൽ കൊട്ടിഘോഷിക്കുന്നുണ്ട് അമേരിക്ക ഈ നിയമത്തെ എതിർക്കുന്നു എന്ന്. ഒരു കാര്യം നാം മറക്കരുത്. തിരഞ്ഞെടുപ്പു വേളയിൽ ട്രംപ് പ്രഖ്യാപിച്ചു മെക്‌സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയിൽ കയറ്റുകയില്ലെന്നും ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു വൻമതിൽ സൃഷ്ടിക്കുമെന്നും. അതിൽ വിവേചനമില്ലേ. ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് യഥേഷ്ടം പൗരത്വം നൽകാത്തത് ഇന്ത്യ കാട്ടുന്ന വിവേചനമാണോ. ഇതിനുള്ള ഉത്തരം പാകിസ്ഥാനിലെ ആഭ്യന്തരമന്ത്രി ശ്രീ. ചൗദരി നിസാർ അലി ഖാൻ തന്നെ നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ സെനറ്റിൽ സെനറ്റർ ജെഹാൻസെബ് ജമാൽദിനി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു, 134 രാജ്യങ്ങൾ പാകിസ്ഥാനികളെ തിരഞ്ഞുപിടിച്ചു തിരിച്ചയച്ചെന്ന്. പ്രധാന കാരണങ്ങൾ? അനധികൃത കുടിയേറ്റവും അനുബന്ധ കുറ്റകൃത്യങ്ങളും.
പാകിസ്ഥാനികളെ തിരിച്ചയച്ച രാജ്യങ്ങളുടെ മുൻപന്തിയിൽ സൗദി അറേബ്യയും യു.എ.ഇയും ഉണ്ടെന്നത് ശ്രദ്ധേയമാണ്. സൗദി അറേബ്യ 2,80,052 പാകിസ്താനികളെയാണ് തിരിച്ചയച്ചത്. യു.എ.ഇ 52,058ഉം . അയൽരാജ്യമായ ചൈനയിൽ പത്തുലക്ഷം മുസ്ലിങ്ങളെയാണ് തടവിൽ പാർപ്പിച്ചിട്ടുള്ളത്.
ഏതൊരു രാജ്യത്തിനും അനധികൃതമായി പ്രവേശിക്കുന്നവരെ ഏതുരീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. തീവ്രവാദികളായും കുറ്റവാളികളായും മറ്റൊരു രാജ്യത്ത് എത്തുന്നവരെ ഉൾക്കൊണ്ടേ പറ്റൂ എന്ന് പറയുന്നതിൽ ന്യായമില്ല. അത് ലോകരാജ്യങ്ങൾ അനുവർത്തിച്ചു പോകുന്ന നയവുമല്ല. ഭാരതം ഇത്തരക്കാർക്ക് പൗരത്വം നൽകി അംഗീകരിക്കാത്തത് വലിയ തെറ്റെന്ന് പറയുന്നവരോട് യേശുദേവൻ കുരിശിൽ കിടന്നു പറഞ്ഞതുപോലെ, 'പിതാവേ ഇവർ ചെയ്യുന്നതെന്താണെന്നു ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ ' എന്ന് പറയുകയേ നിവൃത്തിയുള്ളൂ.
ഈ എതിർപ്പിന്റെ ഉള്ളിലുള്ളത് രാഷ്ട്രീയമാണ്, ദേശീയ താത്‌പര്യമല്ല. ഇന്ത്യൻ പൗരത്വമുള്ള ഒരൊറ്റ ആളെപ്പോലും ദോഷകരമായി ബാധിക്കുന്ന വകുപ്പുകൾ ഈ നിയമത്തിലില്ല. ഇന്ത്യൻ ഭരണഘടനയ്‌ക്കു അനുസൃതമായി തന്നെയാണ് പാർലമെന്റിൽ ഈ നിയമം പാസാക്കിയിട്ടുള്ളത്. സംശയമുള്ളവർ കോടതിയിൽ പോയല്ലോ. എന്തേ കോടതി വിധിയ്‌ക്കായി കാത്തുനിൽക്കാനുള്ള ക്ഷമകാട്ടുന്നില്ല. അപ്പോൾ കലക്കവെള്ളത്തിൽ മീൻപിടിച്ച് രാജ്യത്ത് ശിഥിലീകരണ ശക്തികളെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ തെരുവുനാടകങ്ങളെ കാണാനാവൂ.
'ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും യഹൂദനും ഒന്നു പോൽ പുലരുന്നിതെത്രയോ ശദാബ്ദമായ്' എന്നു നാം അഭിമാനത്തോടെ പാടിയപ്പോൾ അത് ഒരു കവിയുടെ കാല്പനിക മോഹമായിരുന്നില്ല. നമ്മുടെ ദേശീയ ഐക്യത്തിന്റെ ശ്രുതി താളങ്ങളായിരുന്നു. അതെല്ലാം തകർത്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുന്നവർ കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യത്തിനും ഭാവിതലമുറയ്‌ക്കും ഗുണം ചെയ്യില്ല. പൗരത്വബില്ലിൽ മതവിവേചനം കാണുന്നവർ ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തേടുന്ന അന്ധനെപ്പോലെയാണ്. സമന്വയത്തിന്റെയും യാഥാർത്ഥ്യ ബോധത്തിന്റെയും പാതയിലൂടെ നീങ്ങാൻ എല്ലാവരും ശ്രമിക്കുക. മതവൈരത്തിന്റെ ദുർഭൂതത്തെ പെട്ടിയിലടക്കം ചെയ്തു അവസാനത്തെ ആണിയും ആഞ്ഞടിക്കുക.
നിഷ്‌പക്ഷമതികളായ സാധാരണക്കാർ ചിന്താക്കുഴപ്പത്തിലായി ചോദിക്കുന്നു എന്താണ് സത്യം? ആഫ്രിക്കയിലെ യൊറൂബ വംശത്തിന്റെ ഇടയിൽ ഒരു കഥയുണ്ട്. സത്യവും അസത്യവും കൂടപ്പിറപ്പുകളാണ്. ഒരിക്കൽ അസത്യം സത്യത്തോട് പറഞ്ഞു നമുക്കു ഈ ആറ് നീന്തിക്കടക്കാം. ഒരു സൗഹൃദ മത്സരം. സത്യം സമ്മതിച്ചു. ആറ്റിൻതീരത്ത് വന്ന് സത്യം വസ്ത്രം അഴിച്ചുമാറ്റി. ചാടി നീന്താൻ തുടങ്ങി. അസത്യമാവട്ടെ ഈ തക്കംപാർത്തു സത്യത്തിന്റെ മനോഹരമായ ഉടയാടകൾ എടുത്തണിഞ്ഞു നേരെ പട്ടണത്തിലേക്കു പോയി. സത്യമെന്ന് കരുതി പട്ടണവാസികൾ അസത്യത്തെ സ്വീകരിച്ചു, പ്രകീർത്തിച്ചു. അപ്പോഴാണ് സത്യം നീന്തൽ കഴിഞ്ഞു തിരിച്ചെത്തിയത്. തന്റെ ഉടയാടകൾ കാണുന്നില്ല. ആകെയുള്ളത് അസത്യത്തിന്റെ വസ്ത്രങ്ങളാണ്, അതേതായാലും അണിയേണ്ടതില്ല എന്ന് സത്യം തീരുമാനിച്ചു. സത്യം പിറന്ന വേഷത്തിൽ പട്ടണത്തിലേക്കു നടന്നു. അങ്ങനെയാണ് നഗ്നസത്യം എന്ന സങ്കല്പം തന്നെ ഉണ്ടായത്. പട്ടണവാസികൾ കൂവിവിളിച്ചു.
ഇന്നു നാം തെരുവിൽ കാണുന്നതും ഇതുതന്നെയല്ലേ. സത്യത്തിന്റെ ഉടയാട അണിഞ്ഞ അസത്യം വാഴ്‌ത്തപ്പെടുന്നു. സത്യം വീഴ്ത്തപ്പെടുന്നു.
ഒരേഒരിന്ത്യയിലെ ഒരൊറ്റ ജനതയായ നാം സ്വയം വഞ്ചിതരാകാതിരിക്കുക. സത്യവും അസത്യവും തമ്മിൽ വേർതിരിച്ചറിയുക. സത്യമേവ ജയതേ.