ksrtc

തിരുവനന്തപുരം: എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന് പറയുംപോലെയാണ് കെ.എസ്.ആർ.ടി.സിയുടെ കാര്യം. നഷ്ടം കൊണ്ട് സർവീസുകളധികവും വെട്ടിക്കുറച്ച കെ.എസ്.ആർ.ടി.സി ഇപ്പോൾ വെട്ടലിൻെറ വീരനായി മാറിയിരിക്കുകയാണ്. ഒടുവിലത്തെ വെട്ടേറ്റത് ഓൺലൈൻ ബുക്കിംഗിന്. അങ്ങനെ സുഖിക്കേണ്ട എന്ന രീതിയിൽ ഒറ്റവെട്ട്. പൊട്ടിവീണത് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സമയവും.

ബസ് പുറപ്പെടുന്നതിന് 30 മിനിട്ട് മുൻപ് വരെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. അത് ഒരു മണിക്കൂർ മുൻപ് അവസാനിപ്പിക്കാനാണ് തീരുമാനം.

അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവർക്ക് ടിക്കറ്റ് ലഭിക്കാതെ വരുന്നതോടെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. സ്വകാര്യ ബസുകൾ വണ്ടി പുറപ്പെടുന്നതിനു മുൻപ് തൊട്ട് മുൻപ് പോലും ടിക്കറ്റ് നൽകുമ്പോഴാണ് കെ.എസ്.ആർ.ടി.സിയുടെ ഈ നടപടി. ജീവനക്കാർക്കുള്ള ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത അവസരത്തിൽ സ്വകാര്യ ബസുകളെ സഹായിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബംഗളുരു, മംഗലാപുരം,കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള യാത്ര ഇതോടെ ദുരിത പൂർണമാവുമെന്നു ഏതാണ്ട് ഉറപ്പായി.

ക്രിസ്തുമസ്, പുതുവത്സര അവധിക്കാലം അടുത്തതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും നിരവധി യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്. അവധി ആരംഭിക്കുന്നതോടെ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് ഉറപ്പാണ്. സ്വകാര്യ ബസുകളെക്കാൾ സുരക്ഷിത യാത്ര എന്ന നിലയിൽ ഭൂരിഭാഗം പേരും കെ.എസ്.ആർ.ടി.സിയെയാണ് ആശ്രയിക്കുന്നത്. കൂടുതൽ വണ്ടികൾ ഓടിച്ച് മെച്ചപ്പെട്ട കളക്ഷൻ ഉണ്ടാക്കേണ്ട സമയത്ത് ബുക്കിംഗ് സമയം കുറച്ചത് വലിയ രീതിയിൽ പ്രതിസന്ധി സൃഷ്ടിക്കും.

ബുക്കിംഗിന് ഉപയോഗിക്കുന്ന വെബ് സൈറ്റ് പലപ്പോഴും തകരാറിലാണെന്ന പരാതിയും ഉയരുന്നുണ്ട്. രണ്ടു ദിവസം മുൻപ് ബുക്കിംഗിന് ശ്രമിച്ചാലും ബസുകളുടെ വിവരം ലഭിക്കാറില്ല. സീസൺ ആയതോടെ സ്വകാര്യ മുതലാളിമാരെ സഹായിക്കാനുള്ള ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഈ അടുത്തദിവസം ഒരു യാത്രക്കാരൻ ബംഗുളൂരുവിലേക്ക് പോകുവാൻ സ്കാനിയയിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയുണ്ടായി. എന്നാൽ മെസേജ് വന്നത് വോൾവോ ബസിൽ ബുക്കിംഗ് ആയി എന്നാണ്. എന്നാൽ വന്നതാകട്ടെ സൂപ്പർ എക്സ്പ്രസ് ബസ് ആയിരുന്നു. കൂടുതലായി മുടക്കിയ തുകയും കെ.എസ്.ആർ.ടി.സി മടക്കി നൽകിയില്ല. ഇതിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാരൻ.