നെയ്യാറ്റിൻകര: വിവിധ സംഘടനകൾ ഇന്നലെ ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ ആറാലുമ്മൂടിന് സമീപം രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം ബസുകൾക്ക് നേരെ കല്ലെറിയുകയും ബസ് തടഞ്ഞു നിറുത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പൊലീസ് എത്തിയതോടെ ഇവർ ഓടി രക്ഷപ്പെട്ടു. ഗ്രാമീണ മേഖലയെ ഹർത്താൽ ബാധിച്ചില്ല. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷൻ, വഴിമുക്ക് എന്നിവിടങ്ങളിൽ കടകൾ അടഞ്ഞുകിടന്നു.