ആറ്റിങ്ങൽ: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ ആറ്രിങ്ങലിൽ രണ്ടിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. ബസുകളുടെ മുൻഭാഗത്തെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു. മെഡിക്കൽ കോളേജിൽ നിന്ന് കൊട്ടിയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ രാവിലെ 11ന് പൂവമ്പാറ ഭാഗത്തുവച്ചാണ് കല്ലേറുണ്ടായത്. ബസ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. പൂവമ്പാറ പാലത്തിന് സമീപത്ത് ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു. യാത്രക്കാർക്ക് പരിക്കില്ല. ഉച്ചയ്ക്ക് 1.30ഓടെ ആലംകോട് കൊച്ചുവിളമുക്കിലും കെ.എസ്.ആർ.ടി.സി ബസിനുനേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ഹർത്താലിൽ പ്രകടനം നടത്തിയ 31 പേരെ പൊലീസ് അറസ്റ്റുചെയ്‌തു. ആറ്റിങ്ങലിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. സ്‌കൂളുകളിൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ രക്ഷിതാക്കൾ വാഹനങ്ങളിലെത്തിച്ചു.