തിരുവനന്തപുരം: പൂന്തുറ തീരത്തുനിന്നു പടിഞ്ഞാറുഭാഗത്ത് 16 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന വള്ളം തകർന്നു. വള്ളത്തിൽ നിന്നു കടലിലേക്ക് തെറിച്ചുവീണ ആറ് മത്സ്യത്തൊഴിലാളികളെ അതുവഴിയെത്തിയ മറ്റൊരു വള്ളത്തിലുണ്ടായിരുന്നവർ രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. രണ്ടുമണിക്കൂറോളം കടലിൽ നീന്തിയ മത്സ്യത്തൊഴിലാളികളെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിനെതിരെ കേസെടുത്തിട്ടുണ്ട്. പൂന്തുറ സ്വദേശികളായ സഹായ രാജു ( 52), സഹായം (48), റെയ്‌മണ്ട് (42), ജയിംസ് (56), സുബിൻ (38), രഞ്ജു (27) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പുലർച്ചെ മൂന്നരയോടെ പൂന്തുറ തീരത്തുനിന്ന് പുറപ്പെട്ട ജോഷിനിമോൾ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വലയിട്ട് വള്ളം മുന്നോട്ടുപോകുന്നതിനിടെ എതിർദിശയിൽ കപ്പൽ വേഗത്തിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ കരുതിയിരുന്ന ചുവന്ന കൊടി ഉയർത്തിക്കാട്ടി കപ്പിത്താന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും വേഗത്തിലെത്തിയ കപ്പൽ വള്ളത്തിന്റെ നടുവിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളം രണ്ടായി മുറിഞ്ഞ് പല കഷണങ്ങളായി ചിതറി കടലിൽ താണു. വള്ളത്തിലുണ്ടായിരുന്ന നാലുപേർ ഒരുവശത്തേക്കും രണ്ടുപേർ മറുവശത്തും തെറിച്ചുവീണു. കരയിലെത്താനായി ആറുപേരും രണ്ട് മണിക്കൂറോളം നീന്തി. ഇതിനിടെ അതുവഴി കടന്നുപോയ പൂന്തുറയിൽ നിന്നുള്ള മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവർ തകർന്ന വള്ളത്തിന്റെ ഒരുഭാഗം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടു. തുടർന്ന് ഇവർ നടത്തിയ തെരച്ചിലിലാണ് ആറുപേരെയും കണ്ടെത്തിയത്. ദുബായിൽ നിന്നുള്ള യാത്രാക്കപ്പലാണ് അപകടത്തിന് കാരണമായതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. അപകടം നടന്നിട്ടും കപ്പൽ നിറുത്താതെ പോകുകയായിരുന്നു. ആറുപേർക്കും പുറമേ മുറിവുകളില്ലെങ്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവുകളുണ്ട്. ഇവർ മെഡിക്കൽ കോളേജിലെ രണ്ടാംവാർഡിൽ ചികിത്സയിലാണ്. ദൂരപരിധി ലംഘിച്ച് കടന്നുകയറിയ കപ്പലാണ് അപകടമുണ്ടാക്കിയതെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും പരിക്കേറ്റവർ ആവശ്യപ്പെട്ടു. വി.എസ്. ശിവകുമാർ എം.എൽ.എ ആശുപത്രിയിലെത്തി മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു.