തിരുവനന്തപുരം: ഇടുക്കിയിലെ കർഷകരുടെയും മറ്റ് ജനവിഭാഗങ്ങളുടെയും ഭൂപ്രശ്നം പരിഹരിക്കാനായി നിയമപരമായ പരിശോധന നടത്തി ക്രിയാത്മക നടപടികളെടുക്കുമെന്ന് ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. മൂന്നാറിനെ സംരക്ഷിക്കാൻ പ്രത്യേക കെട്ടിട നിർമ്മാണച്ചട്ടങ്ങൾ ഉണ്ടാക്കാനാവശ്യമായ നടപടികളെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മൂന്നാറിന്റെ സവിശേഷതകൾ കണക്കിലെടുത്ത് ആ പ്രദേശം പ്രത്യേകമായി സംരക്ഷിക്കപ്പെടണമെന്നതാണ് സർക്കാർ നിലപാടെന്നും പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 22ന് സർക്കാർ ഇറക്കിയ ഉത്തരവ് ഇടുക്കിയിലെ കർഷകർക്കും അവിടത്തെ താമസക്കാർക്കും പ്രയാസമുണ്ടാക്കുന്നുവെന്നായിരുന്നു യോഗത്തിനെത്തിയ വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും പരാതി. കൃഷിക്കായി ഭൂമി സർക്കാർ പതിച്ചു നൽകുന്നതിനുള്ള 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്കും 1993ലെ പ്രത്യേക ചട്ടങ്ങൾക്കും കാലോചിതമായ ഭേദഗതി ആവശ്യമാണെന്ന് യോഗത്തിനെത്തിയ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
മൂന്നാറുമായി ബന്ധപ്പെട്ട എട്ട് വില്ലേജുകളിലാണ് കോടതി ഉത്തരവിനെത്തുടർന്ന് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ആവശ്യമായി വരുന്നത്. ഈ നിയന്ത്രണപരിധി കുറയ്ക്കുന്ന കാര്യം സർക്കാർ പരിശോധിക്കും. ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ മുതലായവ സംരക്ഷിക്കാൻ പ്രത്യേക സമീപനം വേണ്ടിവരും. മൂന്നാറിന് ഉൾക്കൊള്ളാവുന്ന ടൂറിസ്റ്റുകൾ എത്രയാണെന്ന് കണക്കാക്കി അതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ പാർട്ടിപ്രതിനിധികളായ കെ.ജെ. തോമസ്, കെ.കെ. ജയചന്ദ്രൻ, ഇബ്രാഹിം കുട്ടി കല്ലാർ, റോയി.കെ. പൗലോസ്, കെ. പ്രകാശ് ബാബു, കെ.കെ. ശിവരാമൻ, എം.ടി. രമേശ്, ടി.എം. സലിം, എം.ജെ. ജേക്കബ്, ജോണി നെല്ലൂർ, എം.കെ. ജോസഫ്, കെ.എം. തോമസ്, ഷെയ്ക്ക് പി. ഹാരിസ്, പി.ജി. പ്രസന്നകുമാർ, സലിം പി. മാത്യു, സി. വേണുഗോപാലൻ നായർ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രൻ, പി.സി ജോർജ്, റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ലാൻഡ് റവന്യൂ കമ്മിഷണർ സി.എസ്. ലത, ഇടുക്കി കളക്ടർ എച്ച്. ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.