പാറശാല: അമരവിള എയ്തുകൊണ്ടാൻകാണിയിൽ റെയിൽവേ ഓവർബ്രിഡ്ജ് വേണമെന്ന നാട്ടുകാരുടെ ആവശ്യം നാല് പതിറ്റാണ്ടായിട്ടും സ്വപ്നമായി തന്നെ അവശേഷിക്കുന്നു. മാറി മാറി വന്ന സർക്കാരുകളും റെയിൽവേ അധികൃതരും വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയിട്ടും ഓവർബ്രിഡ്ജ് ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല. 1975 ൽ സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ നിന്നും തിരുവനന്തപുരം - കന്യാകുമാരി ലൈൻ നടപ്പിലായ കാലം മുതൽ തന്നെ റെയിൽവേ അധികൃതർ നാട്ടുകാർക്ക് നൽകിയ വാഗ്ദാനമാണ് ഉടൻ തന്നെ അമരവിളയിൽ ഓവർബ്രിഡ്ജ് നിർമ്മിക്കും എന്നത്. മലയോരമേഖലയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അമരവിള - കാരക്കോണം -വെള്ളറട റോഡിലെ എയ്തുകൊണ്ടാൻകാണിയിലാണ് റെയിൽപാത ഈ റോഡിന് കുറുകെ കടന്നുപോകുന്നത്. ധനുവച്ചപുരത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, പഞ്ചായത്ത് ആഫീസ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദിനംപ്രതി വന്ന് പോകുന്നവരും കാരക്കോണം മെഡിക്കൽ കോളേജിൽ എത്തുന്നവരും മേഖലയിലെ വിവിധ ആശുപത്രികളിൽ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പരീക്ഷകൾക്ക് പോകുന്ന വിദ്യാർത്ഥികളും വിവാഹത്തിന് പോകുന്നവരും അടിയന്തരമായി ആശുപത്രിയിൽ പോകുന്നവരും ഉൾപ്പെടെ ഇവിടെ കുടുങ്ങുന്നത് പതിവാണ്. ഗേറ്റ് അടച്ചാൽ പത്ത് പത്തഞ്ച് മിനിട്ടോളം കാത്ത്കിടക്കേണ്ടി വരും. പൂട്ടിന്റെ തകരാറ് കാരണം മുൻപ് മണിക്കൂറുകളോളം ഗേറ്റ് തുറക്കാൻ കഴിയാത്ത സംഭവവുമുണ്ടായിട്ടുണ്ട്. ഗതാഗതം സുഗമമാക്കാൻ അമരവിളയിലെ റെയിൽവേ ലെവൽ ക്രോസിൽ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യവുമായി പല തവണ എം.പി, എൽ.എൽ.എ എന്നിവർക്കും, കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ല എന്നതാണ് നാട്ടുകാരുടെ പരാതി.