തിരുവനന്തപുരം: ഹർത്താൽ ദിനമായ ഇന്നലെ സാങ്കേതിക സർവകലാശാല നടത്തിയ എൻജിനിയറിംഗ് ഏഴാം സെമസ്റ്റർ റഗുലർ പരീക്ഷ 22 കോളേജുകളിൽ വിദ്യാർത്ഥികൾ തടസപ്പെടുത്തി. ഇതിൽ 9 ഗവ. കോളേജുകളും മൂന്ന് എയ്ഡഡ് കോളേജുകളും ഉൾപ്പെടുന്നു. 99 ശതമാനം വിദ്യാർത്ഥികളും കോളേജുകളിൽ എത്തിയിട്ടും പരീക്ഷയെഴുതിയില്ലെന്നും ചിലയിടങ്ങളിൽ കുട്ടികൾ പരീക്ഷ തടസപ്പെടുത്തിയെന്നും സാങ്കേതിക സർവകലാശാല അറിയിച്ചു. എന്നാൽ, സപ്ലിമെന്ററി പരീക്ഷകൾ മിക്കവരും എഴുതിയിട്ടുണ്ട്.
ഹർത്താൽ ദിനത്തിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. വിദ്യാർത്ഥി സംഘടനകളുടെ പേര് ഉപയോഗിക്കാതെ, സർവകലാശാലാ സ്റ്റുഡന്റ്സ് യൂണിയൻ, അസോസിയേഷൻ എന്നിങ്ങനെയാണ് കോളേജുകൾക്ക് മുന്നിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. പരീക്ഷയെഴുതാനെത്തിയ നിരവധി പേരെ തടഞ്ഞതായി ആരോപണമുണ്ട്. പരീക്ഷയെഴുതാൻ താത്പര്യമുള്ള വിദ്യാർത്ഥികളുണ്ടെങ്കിൽ പൊലീസ് സംരക്ഷണയോടെ പരീക്ഷ നടത്തണമെന്ന് സർവകലാശാല നിർദ്ദേശിച്ചിരുന്നു. പക്ഷേ, സംഘർഷം ഭയന്ന് മിക്ക കോളേജുകളും പൊലീസിനെ വിളിച്ചില്ല. തിരുവനന്തപുരം പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജിൽ ഒരു വിദ്യാർത്ഥി പ്രിൻസിപ്പലിന്റെ ഓഫീസിലാണ് പരീക്ഷയെഴുതിയത്.
പരീക്ഷ, മുടങ്ങിയ കോളേജുകൾ : കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം, കണ്ണൂർ, ഇടുക്കി, ശ്രീകൃഷ്‌ണപുരം, തൃശൂർ, വയനാട്, കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജുകൾ, തിരുവനന്തപുരം ബാർട്ടൺഹിൽ , കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം, ടി കെ എം കോളേജ്, കൊല്ലം, എൻ എസ് എസ് കോളേജ്, പാലക്കാട്, ഐ.എച്ച്.ആർ.ഡി കോളേജ് ചേർത്തല, കേപ്പിന്റെ 5 കോളേജുകൾ, പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ്, കോഴിക്കോട് എ.ഡബ്യു.എച്ച്, കോഴിക്കോട് കെ.എം.സി.ടി, എറണാകുളം കെ.എം.ഇ.എ കോളേജ്.
143 കോളേജുകളിൽ 22 ഇടത്ത് മാത്രമാണ് തടസപ്പെട്ടതെന്നതിനാൽ പരീക്ഷ മാറ്റി വയ്ക്കാനാവില്ലെന്ന് സർവകലാശാല അറിയിച്ചു. പരീക്ഷയെഴുതാത്ത കുട്ടികൾക്ക് റീ ടെസ്റ്റാണോ സപ്ലിമെന്ററി പരീക്ഷയാണോ നടത്തേണ്ടതെന്ന് സിൻഡിക്കേറ്റ് തീരുമാനിക്കും. പരീക്ഷയെഴുതാത്തവരുടെ വിവരങ്ങൾ കൈമാറണമെന്ന് കോളേജുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് സർവകലാശാല അറിയിച്ചു.