തിരുവനന്തപുരം : പൗരത്വ ഭേതഗതി ബില്ലിനെതിരെ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകൾ നടത്തിയ ഏജീസ് ഓഫീസ് മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെ നേരം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷം പ്രവർത്തകർ പിരിഞ്ഞു പോയി. ഇന്നലെ 11.30തോടെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അട്ടക്കുളങ്ങരയിൽ നിന്നും ഏജീസ് ഓഫീസിലേക്ക് പ്രകടനമായെത്തിയത്. സെക്രട്ടേറിയറ്റിന് സമീപം പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസിനോട് തട്ടിക്കയറിയ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു.തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ബില്ലിനെതിരെ സമരംഗത്ത് ഇറങ്ങിയ ഭരണ-പ്രതിപക്ഷ കക്ഷികൾ ഹർത്താലിനെതിരെ പ്രവർത്തിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ്, ബി.എസ്.പി ജില്ലാ പ്രസിഡന്റ് ഉദയപുരം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.