തിരുവനന്തപുരം: അന്തരിച്ച കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന ട്രഷററും, സർവീസ് പെൻഷണർ മാസിക മാനേജിംഗ് എഡിറ്ററുമായ ജി.പത്മനാഭപിള്ളയ്ക്ക് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ശാസ്തമംഗലം പൈപ്പിൻമൂട് കിള്ളിയാർ ഗാർഡൻസിലെ വസതിയിലും കേശവദാസപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിനുവച്ചു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് എൻ.സദാശിവൻ നായർ, ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ, സെക്രട്ടറി കെ.സദാശിവൻ നായർ, ജില്ലാ സെക്രട്ടറി ജി.അജയൻ, ജില്ലാ പ്രസിഡന്റ് പി.മാധവൻ നായർ തുടങ്ങിയവർ ചേർന്ന് സംഘടനാ പതാക പുതപ്പിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള, കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.രതീന്ദ്രൻ, മുൻ എം.പി എ.സമ്പത്ത്, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ, മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം ഡോ. കെ.മോഹൻകുമാർ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.എൻ.മുരളി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.