ameerkhan

വർക്കല: ബോളിവുഡ് താരം ആമിർഖാൻ തന്റെ പുതിയ ചിത്രമായ ലാൽസിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായി കാപ്പിൽ ബീച്ചിലെത്തി. ചണ്ഡീഗഡ്, ഡല്‍ഹി, ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ബീച്ചിലും എത്തിയിരുന്നു. വിനോദ സഞ്ചാരികളുടെ പറുദീസയായ വര്‍ക്കലയുടെ മനോഹാരിത ബോളിവുഡ് നായകന് നന്നെ രസിച്ചു.

ഇന്നലെ രാവിലെയായിരുന്നു ചിത്രീകരണം. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽസിംഗ്ഛദ്ദ. കാപ്പിൽപാലം, കടൽതീരം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. സൂപ്പ‌ർ താരത്തെ കാണാൻ രാവിലെ മുതൽ ആരാധകരുടെ തിരക്കായിരുന്നു. ചിത്രീകരണത്തിനായി മൂന്നാറിലും തിരുവല്ലയിലും പോയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് കൊല്ലത്തെത്തിയത്. ഇന്നലെ രാവിലെ കാപ്പിൽ പാലത്തിലും ബീച്ചിലും നടൻ ഓടുന്ന രംഗങ്ങളാണ് ഏറെയും ഷൂട്ട് ചെയ്തത്. ആമിറിന്റെ കാപ്പിൽ സന്ദർശനം ഒരു മാസം മുൻപേ വാർത്തയായിരുന്നു.