water-bill
water bill online payment

തിരുവനന്തപുരം :ഇനി മുതൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുക സ്മാർട്ട് സോഫ്റ്റ് വെയറിന്റെ അടിസ്ഥാനത്തിലാവും ഒാൺലെെനായി ഒരു പരാതി രജിസ്റ്റർ ചെയ്താലുടൻ സ്ഥലം സന്ദർശിച്ച് നാശനഷ്ടത്തിന്റെ കണക്കും ഫോട്ടോയും ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപ്‌ലോഡ് ചെയ്യണം . ഇവ ഡയറക്ടറേറ്റിൽ ലഭിക്കും. കാലവർഷക്കെടുതിയിൽ ഓരോ ദിവസവും എത്രമാത്രം നഷ്ടമുണ്ടായെന്ന വിവരവും ഈ സോഫ്റ്റ്‌വെയറിലൂടെ അധികൃതർക്ക് അറിയാനാകും. അധികം വൈകാതെ തന്നെ കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ നഷ്ടപരിഹാര തുകയെത്തും. നഷ്ടപരിഹാര തുക സർക്കാർ അനുവദിച്ചാലുടൻ ഒറ്റക്ലിക്കിൽ കർഷകർക്ക് പണം ലഭ്യമാകുന്ന പദ്ധതിയാണിത്. നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ സഹായത്താൽ കൃഷിവകുപ്പാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. കൃഷിവകുപ്പിന്റെ ഐ.ടി സെല്ലാണ് സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നത്.കൃഷിനാശമുണ്ടായ കർഷകരുടെ വിവരങ്ങൾ ശേഖരിച്ച് കാലതാമസമില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള സോഫ്റ്റ്‌വെയർ പ്രവർത്തനസജ്ജമായിട്ടും നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യാത്തത് പഴയകണക്കിലുൾപ്പെട്ട കർഷകർക്ക് കുടിശിക നൽകാത്തതു കാരണമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

26 കോടിരൂപ ഉടൻ

2018-19 വർഷത്തെ നഷ്ടപരിഹാര ഇനത്തിൽ കർഷകർക്ക് നൽകാനുള്ള 26 കോടിരൂപ ഉടൻ വിതരണം ചെയ്യും. പിന്നാലെ സ്മാർട്ട് സോഫ്ട്‍വെയർ വഴി ലഭിച്ച അപേക്ഷകർക്കും നഷ്ടപരിഹാരം ലഭ്യമാകും. ഇതിനുള്ള അവസാനവട്ട നടപടികളിലാണിപ്പോൾ കൃഷിവകുപ്പ്. പ്രളയത്തിൽ കൃഷി നശിച്ചവർക്ക് ഇതുവരെ നൽകിയ 168 കോടി രൂപയ്ക്ക് പുറമെയാണ് 26 കോടി കൂടി നൽകുന്നത്.

നഷ്ടപരിഹാരം ലഭിക്കാൻ നേരത്തെ ചെയ്തിരുന്നത്

കൃഷിനാശം സംഭവിക്കുന്ന കർഷകർ കൃഷിഭവനിലെത്തി പ്രത്യേക ഫാറം പൂരിപ്പിച്ചാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഇതുവരെ നൽകിയിരുന്നത്. തുടർന്ന് കൃഷി ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് തയ്യാറാക്കി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർക്ക് അയയ്ക്കും. ഇവിടെ നിന്നു ജില്ലാ ഓഫീസിലേക്കും തുടർന്ന് ഡയറക്ടറേറ്റിലേക്കും ഫയൽ അയയ്ക്കും. അതിനുശേഷമേ തുക അനുവദിച്ചിരുന്നുള്ളു. ഇത്രയും നടപടിക്രമങ്ങൾക്ക് മാസങ്ങളുടെ കാലതാമസമുണ്ടായിരുന്നു.

നഷ്ടപരിഹാര ഇനത്തിൽ കർഷകർക്ക് നൽകാനുള്ള 26 കോടിരൂപ വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

ദീപ്തി

(അസിസ്റ്റന്റ് ഡയറക്ടർ, പ്രകൃതിക്ഷോഭ ,വിള ഇൻഷ്വറൻസ് വിഭാഗം )