തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സംയുക്ത സമിതി ഇന്നലെ നടത്തിയ ഹർത്താലിന് ഭാഗിക പ്രതികരണം. വിവിധ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് കല്ലെറിയുകയും ബസുകൾ തടയുകയും ചെയ്തു. നാല് ബസ് ഡ്രൈവർമാർക്ക് കല്ലേറിൽ പരിക്കേറ്റു.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസ് മാർച്ചിനിടെ കല്ലേറിൽ വഴിയാത്രക്കാരായ കരമന സ്വദേശി അനൂപിന് പരിക്കേറ്റു. കണ്ണൂർ ഇരിട്ടിയിൽ കാറിനു നേരെയുണ്ടായ കല്ലേറിൽ മൂന്നര വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. കൊല്ലത്ത് മുഖംമൂടി സംഘം കെ.എസ്.ആർ.ടി.സി ബസ് എറിഞ്ഞുതകർത്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായി 367 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
സ്കൂളുകളിലും കോളേജുകളിലും അദ്ധ്യയനം മുടങ്ങിയില്ല. ഓഫീസുകളിൽ ഹാജർ നിലയിൽ കാര്യമായ കുറവുണ്ടായില്ല. ചില മേഖലകളിൽ ഹർത്താൽ അനുകൂലികൾ ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും നിർബന്ധിച്ച് അടപ്പിച്ചു.
വിവിധ ജില്ലകളിലായി കല്ലേറിൽ 23 കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ തകർന്നു. കോഴിക്കോട്ട് ഹർത്താൽ അനുകൂലികളായ യുവതികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരത്തു സംഘർഷമുണ്ടായി. പ്രതിഷേധിച്ച ഇരുപതോളം യുവതികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കാസർകോട് ടൗണിൽ മീൻലോറി തടഞ്ഞവരെ നീക്കുന്നതിനിടെ സി.ഐ അബ്ദുൽ റഹീമിനെതിരെ കയ്യേറ്റമുണ്ടായി.
വയനാട് പുൽപ്പള്ളിയിൽ കെ.എസ്.ആർ.ടി.സിക്കു നേരെ കല്ലെറിഞ്ഞ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെയും പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ റോഡ് ഉപരോധിച്ച 25 ഓളം പേരെയും കസ്റ്റഡിയിലെടുത്തു. ആലുവ, കൊല്ലം, കൊട്ടാരക്കര, നെടുമങ്ങാട്, ആറാലുംമൂട്, വാളകം, ബാലരാമുപരം എരുത്താവൂർ, പത്തനാപുരം, കരുനാഗപ്പള്ളി, കല്പറ്റ വെള്ളമുണ്ട, മാനന്തവാടി എന്നിവിടങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾക്കു അക്രമമുണ്ടായി. വാളയാറിലും ബാലരാമപുരത്തിനടുത്ത് ആറാലുമൂട്ടിലും തമിഴ്നാട് ബസിനു നേരെയും കല്ലേറുണ്ടായി.