കോവളം: തിരുവല്ലം പാപ്പാൻചാണിയിൽ അജേഷ് എന്ന യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന കേസിലെ ഏഴാമത്തെ പ്രതിയായ പാച്ചല്ലൂർ സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒളിവിലുള്ള ഇയാളാണ് കൊല്ലപ്പെട്ട അജേഷിന്റെ വീട് കണ്ടെത്താൻ മറ്റ് പ്രതികളെ സഹായിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. അതേസമയം കഴിഞ്ഞദിവസം അറസ്റ്റുചെയ്ത സജിമോനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് നഷ്ടപ്പെട്ടെന്ന് പറയുന്ന ബാഗിലുണ്ടായിരുന്ന പണത്തിന്റെയും മൊബൈൽഫോണിന്റെയും വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ ആട്ടോ ഡ്രൈവർമാർക്ക് സജിമോൻ പണം വാഗ്ദാനം ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തന്റെ ബാഗിലുണ്ടായിരുന്ന 40,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്ന ആളെ കണ്ടെത്തിത്തന്നാൽ പകുതി രൂപ നൽകാമെന്ന് സജിമോൻ തമ്പാനൂരിലെ ആട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘത്തിന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനാലാണ് ഇവർ പണം കണ്ടെത്താനായി അജേഷിനെ ക്രൂരമായി മർദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.