തിരുവനന്തപുരം:മത്സ്യബന്ധനത്തിനിടെ പൂന്തുറ സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ ഇടിച്ച് പരിക്കേല്പിച്ച വിദേശ കപ്പലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ഫിഷറീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി. ദിനകരനും വൈസ് പ്രസിഡന്റ് പി.സ്റ്റെല്ലസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതിർത്തി ലംഘിച്ചാണ് കപ്പൽ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ ഇടിച്ചത്. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. വള്ള ഉടമയ്ക്ക് 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അടിക്കടി ഉണ്ടാകുന്ന വിദേശ കപ്പലുകളുടെ അതിർത്തി ലംഘിച്ചുള്ള കടന്നുകയറ്റം നിയന്ത്രിക്കണമെന്നും ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.