തിരുവനന്തപുരം: ദുബായിൽ നിന്ന് രണ്ടു കിലോഗ്രാം സ്വർണം കടത്തിയതിന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്ത വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്.ഐ എ.എം.സഫീറിനെയും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയെയും ജാമ്യത്തിൽ വിട്ടു. ഇവരിൽ നിന്ന് പിടിച്ചെടുത്ത 80 ലക്ഷം രൂപ വിലയുള്ള രണ്ടുകിലോ സ്വർണം സർക്കാരിലേക്ക് കണ്ടുകെട്ടും. എസ്.ഐക്ക് ഉടൻ കുറ്റപത്രം നൽകുമെന്നും ഡി.ആർ.ഐ അറിയിച്ചു. ഡി.ആർ.ഐയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ എസ്.ഐയെ സസ്പെൻഡ് ചെയ്യും. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിൽ സ്വർണം കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ സീറ്രിനടിയിൽ നിന്ന് സ്വർണം പിടിച്ചെടുത്തത്. ആദ്യമൊന്നും കുറ്രമേറ്റില്ലെങ്കിലും വിശദമായ ചോദ്യംചെയ്യലിനൊടുവിൽ സഫീർ കുറ്റം സമ്മതിച്ചു. പഴ്സിനുള്ളിൽ ബിസ്കറ്റ് രൂപത്തിൽ 10 കഷണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ് ഇരുവരുമെന്ന് ഡി.ആർ.ഐ പറഞ്ഞു. ചികിത്സയ്ക്കെന്നു പറഞ്ഞ് രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം കഴിഞ്ഞ പത്തിനാണ് സഫീർ ദുബായിലേക്ക് പോയത്. കള്ളക്കടത്ത് നടത്തിയതിന് സഫീറിനും സിമിക്കും പിന്നീട് പിഴയിടുമെന്നും ഡി.ആർ.ഐ പറഞ്ഞു.