ipl-auction
ipl auction

കൊൽക്കത്ത : 2020 ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ താരലേലം നാളെ കൊൽക്കത്തയിൽ നടക്കും. തങ്ങളുടെ ടീമിന്റെ നട്ടെല്ലാകാൻ കരുത്തുള്ള താരങ്ങളെതേടി പണപ്പെട്ടിയുമായി ഫ്രാഞ്ചൈസികൾ ലേലത്തിനിറങ്ങുമ്പോൾ വമ്പൻ വില ലഭിക്കാൻ സാദ്ധ്യതയുള്ള താരങ്ങളെക്കുറിച്ച്

332

താരങ്ങളാണ് ആകെ ലേലത്തിനുള്ളത്.

186

ഇന്ത്യൻ കളിക്കാർ ഇവരിലുണ്ട്

146

വിദേശ കളിക്കാരും അവസരം കാത്ത് ലേലത്തിലുണ്ടാകും.

7

കളിക്കാരാണ് ഉയർന്ന അടിസ്ഥാന വിലയായ രണ്ടുകോടി നേടിയിരിക്കുന്നത്.

ഗ്ളെൻ മാക്‌സ്‌വെൽ

അടിസ്ഥാന വില : 2 കോടി

കഴിഞ്ഞ സീസണിൽ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മാക്‌സ്‌വെൽ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിന്നിരുന്നു. 31 കാരനായ ആൾ റൗണ്ടർ ഒക്ടോബറിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ട്വന്റി 20 പരമ്പരയ്ക്കിടെ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വിശ്രമം എടുത്തിരിക്കുകയായിരുന്നു. ബിഗ് ബാഷ് ലീഗിലൂടെയാകും ക്രിക്കറ്റിലേക്കുള്ള മടക്കം. എന്നാൽ ഇന്ത്യൻ പര്യടനം നടത്തുന്ന ഒാസീസ് ടീമിലില്ല. 69 ഐ.പി.എൽ മത്സരങ്ങൾ കളിച്ച പരിചയം 2018 ൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നത് 9 കോടി രൂപയ്ക്ക്.

ജാസൺ റോയ്

(അടിസ്ഥാനവില 1.5 കോടി

കഴിഞ്ഞസീസണിൽ ഇംഗ്ളീഷ് ഒാപ്പണറായ ജാസൺ റോയ് ലേലത്തിൽനിന്ന് വിട്ടുനിന്നിരുന്നു. 2018 ൽ ഡൽഹിക്കുവേണ്ടി അഞ്ച് ഐ.പി.എൽ മത്സരങ്ങൾ കളിച്ചു. 1.5 കോടിരൂപ അടിസ്ഥാനവില നൽകിയാണ് ഡൽഹി അന്ന് സ്വന്തമാക്കിയിരുന്നത്. 120 റൺസായിരുന്നു ആകെ നേടിയത്. 91 റൺസായിരുന്നു ഉയർന്ന സ്കോർ. ഇത്തവണയും അടിസ്ഥാന വിലയിൽ മാറ്റമില്ല.

ക്രിസ് ലിൻ

(അടിസ്ഥാന വില: 2 കോടി)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐ.പി.എൽ ആരാധകർക്ക് പ്രിയങ്കരനായ ആസ്ട്രേലിയൻ ഒാപ്പണർ 2018 ൽ 9.6 കോടി മുടക്കി കൊൽക്കത്ത സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 405 റൺസാണ് നേടിയത്. നാല് അർദ്ധ സെഞ്ച്വറികളും നേടിയിരുന്നു. സ്ഥിരതയില്ലായ്മയാണ് മൈനസ് പോയിന്റ്.

ഷിമ്രോൺ ഹെട്മേയർ

(അടിസ്ഥാനവില: 50 ലക്ഷം)

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ വെടിക്കെട്ട് സെഞ്ച്വറിയോടെ ഇൗ താരലേലത്തിൽ വിൻഡീസ് ബാറ്റ്‌സ്‌മാൻ ഷിമ്രോൺ ഹെട്മേയറുടെ മാർക്കറ്റ് ഉയരുമെന്ന് ഉറപ്പാണ്. കഴിഞ്ഞസീസണിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിലായിരുന്നു. അഞ്ചുകളിയിൽ നിന്ന് 90 റൺസ് മാത്രം നേടിയതോടെയാണ് വിരാടിന്റെ ടീം ഇൗ വിൻഡീസുകാരനെ വിട്ടുകളഞ്ഞത്. അരക്കോടിയാണ് ഇത്തവണത്തെ അടിസ്ഥാനവില.

സാം കറാൻ

(അടിസ്ഥാന വില: 1 കോടി)

കഴിഞ്ഞ സീസണിൽ ഇൗ ഇംഗ്ളഷ് ആൾറൗണ്ടറെ പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കിയിരുന്നത് 7.2 കോടി മുടക്കിയാണ്. പക്ഷേ ഒൻപത് മത്സരങ്ങളിൽനിന്ന് 95 റൺസും 10 വിക്കറ്റും മാത്രം നേടിയതോടെ ഇത്തവണ പഞ്ചാബ് കൈയൊഴിഞ്ഞു. ഇത്തവണ പല ടീമുകളും കറാനെ നോട്ടമിട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ മികവാണ് താത്പര്യത്തിന് കാരണം.

ഡേവിഡ് മില്ലർ

അടിസ്ഥാനവില : 75 ലക്ഷം

ട്വന്റി 20 യിൽ വെടിക്കെട്ടിന് ശേഷിയുള്ള ദക്ഷിണാഫ്രിക്കൻ മദ്ധ്യനിര ബാറ്റ്സ്മാൻ. എട്ട് സീസണുകളിൽ പഞ്ചാബ് കിംഗ്സ് ഇലവന് വേണ്ടി കളിച്ചു. 79 ഐ.പി.എൽ മത്സരങ്ങളുടെ പരിചയസമ്പത്ത്. 1850 റൺസ് സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒൻപത് അർദ്ധ സെഞ്ച്വറികളും. ഐ.പി.എല്ലിൽ മാത്രം 87 സിക്സുകൾ.

റോബിൻ ഉത്തപ്പ

അടിസ്ഥാന വില : 1.5 കോടി

ഏറ്റവും കൂടുതൽ അടിസ്ഥാനവില സ്വന്തമാക്കിയ ഇന്ത്യൻ താരമാണ് റോബിൻ ഉത്തപ്പ. ഇപ്പോൾ കേരളത്തിനുവേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കുന്നു. ഐ.പി.എല്ലിൽ 2014 മുതൽ 2019 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു. മുംബയ് ഇന്ത്യസ് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പൂനെ വാരിയേഴ്സ് ടീമുകൾക്ക് വേണ്ടിയും ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്.

യൂസുഫ് പഠാൻ

അടിസ്ഥാനവില : 1 കോടി

2008 ൽ രാജസ്ഥാൻ റോയൽസിലൂടെ ഐ.പി.എൽ അരങ്ങേറ്റം കുറിച്ച യൂസുഫ് 2011 മുതൽ 2017 വരെ കളിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. 2018 ൽ സൺ റൈസേഴ്സ് ഹൈദരാബാദിലെത്തി. ആസീസണിന്റെ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 45 റൺസ് നേടിയെങ്കിലും ടീമിനെ കിരീടത്തിലെത്തിക്കാനായില്ല. 37 വയസിലെത്തിയാണ് യൂസഫിന്റെ മൈനസ് പോയിന്റ്.