തിരുവനന്തപുരം: പൊലീസ് സേനയിലേക്കുള്ള എല്ലാ പരീക്ഷകളും ഇനി മുതൽ കാമറക്കണ്ണിൽ. ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നൽകിയ ശുപാർശ അംഗീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി.
പി.എസ്.സി പരീക്ഷാ വിവാദം കേരള സർവകലാശാലയുടെ മോഡറേഷൻ ക്രമക്കേട് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ടോമിൻ തച്ചങ്കരി ഈ ശുപാർശ നൽകിയത്. പൊലീസിന്റെ ശാരീരികക്ഷമതാ പരീക്ഷകളിലും ക്രൈം ബ്രാഞ്ചിന്റെ യോഗ്യതാ പരീക്ഷകളിലും നിലവിൽ ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ ഉപയോഗിക്കുന്നുണ്ട്.
ജനറൽ ഹെഡ് കോൺസ്റ്റബിൾ പരീക്ഷ, ഹവീൽദാർ സ്ഥാനക്കയറ്റ പരീക്ഷ, നിർബന്ധിത പരീക്ഷകൾ തുടങ്ങിയവയ്ക്കും ഇനിമുതൽ കാമറ സ്ഥാപിക്കും. പൊലീസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതും പരീക്ഷ നടത്തുന്നതും ഇൻവിജിലേറ്റർമാരാകുന്നതും മൂല്യ നിർണ്ണയം നടത്തുന്നതും സേനയിലെ ഉദ്യോഗസ്ഥരാണ്. ഇതിന്റെ നടത്തിപ്പിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ ,പരീക്ഷാ ഹാളിൽ കാമറകൾ സ്ഥാപിച്ച് ക്രമക്കേടുകൾ തടയണമെന്നും പരീക്ഷാ ലിസ്റ്റിന്റെ കാലാവധി തീരുംവരെ കാമറകളുടെ ഹാർഡ് ഡിസ്‌ക് സൂക്ഷിക്കണമെന്നും ശുപാർശയിൽ പറയുന്നു.
തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജിലും തൃശൂർ പൊലീസ് അക്കാഡമിയിലുമാണ് സാധാരണഗതിയിൽ പരീക്ഷകൾ നടക്കുക. ഈ രണ്ട് കേന്ദ്രങ്ങളിലും സ്ഥിരം കാമറകളും . മറ്റു കേന്ദ്രങ്ങളിൽ പോർട്ടബിൾ കാമറകളും ഉടൻ സ്ഥാപിക്കും. പി.എസ്.സി പരീക്ഷകൾ നടക്കുന്നിടത്തും കാമറകൾ സ്ഥാപിക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു.