നെടുമങ്ങാട്: പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഹർത്താലിനിടെ അഴിക്കോട് വളവെട്ടി റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്. നെടുമങ്ങാട്ടേക്ക് വന്ന വേണാട് ബസിന്റെ പിറകുവശത്തെ ചില്ല് കല്ലേറിൽ തകർന്നു. ബസിനെ പിന്തുടർന്ന് സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. ഇവരേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. അരുവിക്കര പൊലീസ് കേസെടുത്തു. നെടുമങ്ങാട്ട് ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ രാവിലെ വാക്കേറ്റമുണ്ടായി. വിലക്ക് ലംഘിച്ച് പ്രവർത്തകർ പ്രകടനം നടത്തിയതാണ് വാക്കുതർക്കത്തിന് ഇടയാക്കിയത്. മുൻകരുതൽ എന്ന നിലയിൽ പ്രകടനത്തിനെത്തിയ ഇരുപത് പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതികളും വിവിധ സർക്കാർ ഓഫീസുകളും തടസമില്ലാതെ പ്രവർത്തിച്ചു. എന്നാൽ അന്താരാഷ്‌ട്ര മാർക്കറ്റ് ഉൾപ്പടെ ചന്തമുക്ക് വിപണി പൂർണമായി സ്‌തംഭിച്ചു. പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പനവൂർ, ആനാട്, അരുവിക്കര, കരകുളം ഭാഗങ്ങളിൽ ഹർത്താൽ സമാധാനപരമായിരുന്നു.