. ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത്
. ഇന്ന് ജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും
വിശാഖപട്ടണം : തുടർച്ചയായി ഒമ്പത് പരമ്പരകളിൽ വിൻഡീസിനെ വീഴ്ത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ന് വിശാഖപട്ടണത്ത് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ജയിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. കാരണം ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് തോറ്റതോടെ ഇനിയൊരു തോൽവി നഷ്ടപ്പെടുത്തുന്നത് പരമ്പരയാകും. ഇക്കഴിഞ്ഞ മാർച്ചിൽ ആസ്ട്രേലിയയ്ക്കെതിരെ സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോറ്റ ഇന്ത്യ ഇൗവർഷം തന്നെ മറ്റൊരു ഹോം സിരീസ് തോൽവി ആഗ്രഹിക്കുന്നില്ല.
നിസാരമായി തള്ളിക്കളയാൻ പറ്റുന്നതല്ല ഇപ്പോഴത്തെ വിൻഡീസ് ടീം എന്നതുതന്നെയാണ് കൊഹ്‌ലിയും കൂട്ടരും നേരിടുന്ന വലിയ വെല്ലുവിളി. ബാറ്റിംഗിന് വളരെയധികം അനുകൂലമായ പിച്ചുകളിൽ ചേസിംഗിന് ഇറങ്ങുമ്പോൾ കളി തങ്ങൾക്ക് അനുകൂലമാക്കിമാറ്റാൻ കഴിയുന്ന നിരവധി താരങ്ങൾ വിൻഡീസ് ടീമിലുണ്ട്. ചെന്നൈയിലെ ആദ്യ ഏകദിനത്തിൽ ഷിമ്രോൺ ഹെട്‌മേയറും ഷായ് ഹോപ്പും ചേർന്ന് ഇന്ത്യൻ ബൗളർമാരെ നേരിട്ട രീതിതന്നെ കൊഹ്‌ലിക്ക് തലവേദനയായിട്ടുണ്ട്. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവരായാണ് വിൻഡീസ് ഇൗ പര്യടനത്തിനെത്തിയിരിക്കുന്നത്. ഇന്ത്യയാകട്ടെ നേട്ടങ്ങളുടെ നെറുകയിലാണ്. ഒാരോ ചെറിയ തോൽവിയും വലിയ വീഴ്ചയാകും.
കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യ സ്വന്തം മണ്ണിൽ തുടർച്ചയായി രണ്ട് പരമ്പരകളിൽ തോറ്റിട്ടില്ല. ഇന്ന് വിശാഖപട്ടണത്ത് വിൻഡീസ് വിജയിക്കുകയാണെങ്കിൽ ആ റെക്കാഡ തകരും.
അഞ്ച് ഏകദിന മത്സരങ്ങളിൽ സ്വന്തം മണ്ണിൽ ഇതേവരെ ഇന്ത്യ തുടർച്ചയായി തോറ്റിട്ടില്ല. ഇന്ന് തോറ്റാൽ ആ നാണക്കേടും ഏറ്റുവാങ്ങേണ്ടിവരും.
ബാറ്റിംഗിൽ ഇന്ത്യയ്ക്ക് നിരവധി പ്രതിഭകളുണ്ട്. പക്ഷേ സ്ഥിരതയില്ലായ്മയാണ് പ്രശ്നം. ബൗളിംഗിൽ പ്രശ്നങ്ങൾ മാത്രമേയുള്ളൂ. സ്പിന്നർമാർക്ക് പഴയപോലെ എതിരാളികളെ കടിച്ചുകീറാനാകുന്നില്ല.
ബുംറയുടെ അഭാവം പേസ് ഡിപ്പാർട്ട്മെന്റിൽ നിഴലിക്കുന്നു.
ആദ്യ ഏകദിനത്തിൽ കളിച്ച ടീമിൽ നിന്ന് ആൾ റൗണ്ടർ കേദാർ യാദവിനെ ഇന്ത്യ ഇന്ന് ഒഴിവാക്കിയേക്കും. ബൗളർ എന്ന നിലയിൽ കേദാറിനെ കൂടുതൽ ഉപയോഗിക്കാൻ കഴിയാത്തതാണ് കാരണം. പകരം യുസ്‌വേന്ദ്ര ചഹലിനെ കളിപ്പിച്ചേക്കും. കുൽദീപും ചഹലും ചേർന്ന സ്പിൻ ബൗളിംഗിനാണ് ശക്തി കൂടുതലെന്ന തിരിച്ചറിവാണ് കാരണം. ഏറെ നാളായി കുൽ-ച സഖ്യം ഒരുമിച്ച് കളിച്ചിട്ടില്ല. ആൾറൗണ്ടർ ശിവം ദുബെയെ ഇന്ത്യ ഇന്നും കളിപ്പിച്ചേക്കും.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, യുസ്‌വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ദീപക് ചഹർ, ഷമി.
വിൻഡീസ്: ഷായ് ഹോപ്പ്, എവിൻ ലെവിസ്, ഹെട്മേയർ, നിക്കോളാസ് പുരാൻ, റോസ്റ്റൺചേസ്, കെയ്റോൺ പൊള്ളാഡ്(ക്യാപ്ടൻ), ജാസൺ ഹോൾഡർ, കീമോപോൾ, ഹെയ്ഡൻ വാൽഷ് ജൂനിയർ, അൽസാരി ജോസഫ്, ഷെൽഡൺ കോട്ടെറെൽ.
അന്നത്തെ ടൈ
കഴിഞ്ഞവർഷമാണ് വിശാഖപട്ടണത്ത് ഇന്ത്യയും വിൻഡീസും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അവസാന പന്തിൽ ബൗണ്ടറിയടിച്ച് ഷായ് ഹോപ്പ് മത്സരം ടൈ ആക്കിയിരുന്നു. ഹോപ്പ് അന്ന് സെഞ്ച്വറിയും (123) നേടി.
വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ ആറ് ഏകദിനങ്ങളിൽ ഒന്നിൽ മാത്രമാണ് ആദ്യം ബാറ്റ്ചെയ്തവർ ജയിച്ചിട്ടുള്ളത്.
ഇൗ ഗ്രൗണ്ടിൽ അഞ്ച് ഏക ദിനങ്ങൾ കളിച്ചിട്ടുള്ള വിരാട് കൊഹ്‌ലി മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.