
കാട്ടാക്കട: മക്കൾ ആശ്രയം നൽകാത്ത തനിക്ക് അഭയം നൽകണമെന്ന അപേക്ഷയുമായി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധയ്ക്ക് ജനമൈത്രി പൊലീസ് സുരക്ഷയൊരുക്കി. പൂവച്ചൽ ഉണ്ടാപ്പാറ വഴുതനമുകൾ വടക്കേക്കര വീട്ടിൽ ഓമന (80)ആണ് കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഓമനയുടെ മക്കളെയും മരുമക്കളെയും വിളിച്ചു വരുത്തി ഇവർക്ക് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിച്ചു ഒരുമിച്ചു വിട്ടിരുന്നു എന്നാൽ ദിവസങ്ങൾക്കകം വൃദ്ധയായ ഓമന വീണ്ടും സ്റ്റേഷനിൽ എത്തിയതോടെയാണ് ഇവരുടെ ആഗ്രഹപ്രകാരം വൃദ്ധസദനത്തിൽ എത്തിക്കാൻ തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥർതന്നെ മുൻകൈ എടുത്ത് കാട്ടാക്കട മാർത്തോമ്മാ വൃദ്ധ സദനത്തിൽ എത്തിച്ചു. കാട്ടാക്കട ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ, എസ്.ഐ. ഗംഗ പ്രസാദ്, എസ്.ഐ ടി.സുരേന്ദ്രൻ, നിതാ സി.പി.ഒ ഉഷ.ജെ, സി.പി.ഒ വിനോദ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ ആയ അനിൽകുമാർ, സി.പി.ഒ ഹരികുമാർ എന്നിവർ ചേർന്നാണ് അഭയകേന്ദ്രം ഒരുക്കിയത്.