കോവളം: ജില്ലയുടെ തെക്കൻ മേഖലയുടെ വികസനത്തിന് കുതിപ്പേകാൻ വിഴിഞ്ഞത്ത് 220 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നു. വിഴിഞ്ഞം, കോവളം, വെങ്ങാനൂർ, പെരിങ്ങമ്മല, കല്ലിയൂർ, കോട്ടുകാൽ, വാഴമുട്ടം, തിരുവല്ലം, മുക്കോല, ഉച്ചക്കട എന്നീ പ്രദേശങ്ങളിലേക്ക് നിലവിലുള്ള വിഴിഞ്ഞം 66 കെ.വി സബ്‌സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, വിനോദസഞ്ചാരം, ദേശീയപാതവികസനം എന്നിവയോട് ബന്ധപ്പെട്ട് ഈ പ്രദേശത്തെ വൈദ്യുതി ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പ്രസരണ ലൈനിന്റെയും സബ്‌സ്റ്റേഷന്റെയും സ്ഥാപിതശേഷി ഉയർത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയിലുൾപ്പെടുത്തി വിഴിഞ്ഞം സബ്സ്റ്റേഷന്റെ നവീകരണം നടപ്പാക്കാൻ തീരുമാനിച്ചത്. സമാനമായി ഏറ്റുമാനൂരിൽ നിർമ്മിക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയും കൂടി ഉൾപ്പെടുത്തി 114.75 കോടി രൂപയ്ക്ക് കരാർ നൽകുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്തിനായി കാട്ടാക്കട സബ്‌സ്റ്റേഷനിൽ നിന്നും വിഴിഞ്ഞത്തേക്ക് നിർമ്മിച്ചുകൊണ്ടിരിക്കുന്ന 220 കെ.വി ലൈനിലൂടെയാണ് ആഴാകുളത്തെ പുതിയ സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. ഈ ലൈൻ നിർമ്മാണം 90% പൂർത്തീകരിച്ചിട്ടുണ്ട്. 220 കെ.വിയുടെ 100 എം.വി.എ ശേഷിയും, 110 കെ.വിയുടെ 20 എം.വി.എ ശേഷിയുമുള്ള രണ്ടുവീതം ട്രാൻസ്‌ഫോർമറുകളുമാണ് ഈ പദ്ധതിയിലൂടെ വിഴിഞ്ഞത്ത് സ്ഥാപിതമാകുന്നത്. കൂടാതെ മുട്ടത്തറയിലും വേളിയിലുമുള്ള 110 കെ.വി സബ്‌സ്റ്റേഷനുകൾക്കായി ഓരോ 110 കെ.വി ഭൂഗർഭ കേബിൾ ഫീഡറുകൾക്കായുള്ള ഉപകരണ സജ്ജീകരണങ്ങളുടെ സ്ഥാപനവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥലപരിമിതി കാരണം എയർ ഇൻസലേറ്റഡ് സബ്‌സ്റ്റേഷനു പകരം ഗ്യാസ് ഇൻസലേറ്റഡ് സബ്‌സ്റ്റേഷനാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലേക്കായി 220 കെ.വിയുടെ ആറും 110 കെ.വിയുടെ 8 ഉം ബേകളാണ് സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ആഴക്കുളത്തെ സ്ഥലത്ത് തന്നെയാണ് പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നത്. സബ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11ന് വിഴിഞ്ഞം 66 കെ.വി സബ് സ്റ്റേഷൻ അങ്കണത്തിൽ മന്ത്രി എം.എം.മണി നിർവഹിക്കും.