ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ
സഞ്ജു സാംസണ് സെഞ്ച്വറി
കേരളം 237/7
സഞ്ജു 116
182 പന്തുകൾ
16 ബൗണ്ടറികൾ
1 സിക്സ്
തുമ്പ : ഇന്ത്യൻ ടീമിനൊപ്പം രണ്ട് പരമ്പരകളിലായി ആറ് ട്വന്റി 20 മത്സരങ്ങളിൽ ഉൗരുചുറ്റിയെങ്കിലും ഒറ്റക്കളിയിൽ പോലും കളത്തിലിറങ്ങാൻ അവസരം നൽകാതിരുന്നവർക്ക് രഞ്ജി ട്രോഫിയിലെ അത്യുജ്വല സെഞ്ച്വറിയിലൂടെ മറുപടി നൽകി മലയാളത്തിന്റെ അഭിമാനം സഞ്ജു സാംസൺ.
ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ ബംഗാളിനെതിരെ നടന്ന മത്സരത്തിലാണ് മുൻനിര തകർച്ചയിൽ നിന്ന് കേരളത്തെ രക്ഷിക്കാനായി സഞ്ജുവിന്റെ ബാറ്റ് ഗർജിച്ചത്. ഇന്ത്യൻടീമിൽ കളിച്ചിട്ടുള്ള അശോക് ധിൻദയെയും ഷഹ്ബാസ് അഹമ്മദിനെയും ഇശാൻ പൊരേലിനെയും പോലെയുളള ബൗളർമാരെ നേരിട്ട് 182 പന്തുകളിൽനിന്ന് 16 ബൗണ്ടറികളും ഒരു സിക്സുമടക്കം 116 റൺസ് നേടിയ സഞ്ജു റോബിൻ ഉത്തപ്പയ്ക്കൊപ്പം നാലാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യദിവസം കളിനിറുത്തുമ്പോൾ 237/7 എന്ന നിലയിലാണ്.
ഇന്നലെ തങ്ങളുടെ ഭാഗ്യഗ്രൗണ്ടായി കരുതുന്ന തുമ്പയിൽ ടോസ് നേടിയ കേരള ക്യാപ്ടൻ സച്ചിൻ ബേബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.പി. രാഹുലും (5) ജലജ് സക്‌സേനയും (9) ചേർന്നാണ് ഒാപ്പണിംഗിനിറങ്ങിയത്. സ്കോർ ബോർഡിൽ 15 റൺസെത്തിയപ്പോഴേക്കും ഒാപ്പണർമാർ തിരിച്ചെത്തിയിരുന്നു. എട്ടാം ഒാവറിൽ രാഹുലിനെ കീപ്പർ ഗോസ്വാമിയുടെ ഗ്ളൗസിലെത്തിച്ച് ഇശാൻ പൊരേലാണ് ആദ്യപ്രഹരം ഏൽപ്പിച്ചത്. ഒൻപതാം ഒാവറിൽ മുകേഷ് കുമാർ ജലജിനെയും ഗോസ്വാമിയുടെ കൈയിലെത്തിച്ചു. തുടർന്നിറങ്ങിയ സച്ചിൻ ബേബിയും (10) സഞ്ജുവും ചേർന്ന് പതിയെ മുന്നോട്ടുനീങ്ങി. ടീം സ്കോർ 53 ലെത്തിയപ്പോഴേക്കും സച്ചിൻ ബേബിക്കും മടങ്ങേണ്ടിവന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി മാൻ ഒഫ് ദ മാച്ചായിരുന്ന സച്ചിൻ ബേബിയെ അശോക് ധിൻദ ക്ളീൻ ബൗൾഡാക്കുകയായിരുന്നു.
തുടർന്ന് ക്രീസിൽ ഒരുമിച്ച റോബിൻ ഉത്തപ്പയും സഞ്ജുവും തങ്ങളുടെ നിലവാരത്തിനനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചതോടെയാണ് വലിയൊരു തകർച്ചയിൽനിന്ന് കേരളം കരകയറിയത്. ബാറ്റിംഗിന്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ സഞ്ജു ഏറെ കഷ്ടപ്പെട്ടിരുന്നു. എന്നാൽ അർദ്ധ സെഞ്ച്വറി കഴിഞ്ഞശേഷം സഞ്ജു സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശിത്തുടങ്ങി.
65-ാം ഒാവറിലാണ് ഉത്തപ്പയെ നഷ്ടമായത്. അർബാബ് നന്ദിയുടെ പന്തിൽ ഷഹ്ബാസിന് ക്യാച്ച് നൽകി മടങ്ങിയ ഉത്തപ്പ നേരിട്ട 137 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സും പറത്തിയിരുന്നു. ഉത്തപ്പയെ നഷ്ടമായി അടുത്ത പന്തിൽത്തന്നെ വിഷ്ണുവിനോദിനെയും കേരളത്തിന് നഷ്ടമായി. കീപ്പർ ക്യാച്ച് നൽകിയാണ് വിഷ്ണു (0) മടങ്ങിയത്.
സെഞ്ച്വറി പിന്നിട്ടശേഷം വീശിക്കളിക്കാൻ ശ്രമിച്ച സഞ്ജുവിനെ ഷഹ്ബാബ് അഹമ്മദ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. 182 പന്തുകളിൽ 16 ബൗണ്ടറികളും ഒരു സിക്സും പറത്തിയശേഷമാണ് സഞ്ജു കൂടാരം കയറിയത്. തുടർന്ന് സൽമാൻ നിസാറിനെ (19) കൂടി കേരളത്തിന് നഷ്ടമായി. കളി നിറുത്തുമ്പോൾ കെ.എസ്. മോനിഷും (12 നോട്ടൗട്ട്), മിഥുനുമാണ് ക്രീസിൽ.
സഞ്ജുവിന്റെ ഇൗ സീസണിലെ ആദ്യ രഞ്ജി മത്സരമായിരുന്നു ഇത്. ഇന്ത്യൻ ടീമിനൊപ്പമായിരുന്നതിനാൽ ഡൽഹിക്കെതിരായ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.
10
തന്റെ കരിയറിലെ പത്താമത്തെ ഫസ്റ്റ് ക്ളബ് സെഞ്ച്വറിയാണ് സഞ്ജു തുമ്പയിൽ നേടിയത്.
തുടക്കത്തിൽ റൺസെടുക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. തുടക്കത്തിലെ പുറത്താവുകയോ അല്ലെങ്കിൽ മികച്ച സ്കോർ നേടുകയോ ആണ് എന്റെ രീതി. ഇത്രയും സ്ട്രഗിൾ ചെയ്തശേഷം സെഞ്ച്വറി നേടുന്നത് ആദ്യമാണ്. ഹൈദരാബാദിൽ വിൻഡീസിനെതിരായ ട്വന്റി 20 യിൽ വിരാട് കാെഹ്‌ലി തുടക്കത്തിൽ ബുദ്ധിമുട്ടിയശേഷം 91 റൺസടിച്ച ഇന്നിംഗ്സ് ഡ്രസിംഗ് റൂമിൽ ഇരുന്ന് കാണാൻ കഴിഞ്ഞത് തന്നെ സ്വാധീനിച്ചു. ഇൗ സീസണിലെ ആദ്യ രഞ്ജി മത്സരത്തിൽ സെഞ്ച്വറി നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
സഞ്ജു സാംസൺ
.