saju-and-aneesh

ഉള്ളൂർ: അഞ്ചു വർഷത്തെ അവധിയെടുത്ത് വിദേശത്ത് പോയ സ്റ്റാഫ് നഴ്‌സിന്റെ ശമ്പളം തിരിമറി നടത്തി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ജീവനക്കാരനും സുഹൃത്തും അറസ്റ്റിലായി. മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് നന്ദനത്തിൽ സജു പി.ആർ (30), ഇയാളുടെ സുഹൃത്ത് പേയാട് ചൂഴാറ്റുകോട്ട ആശാൻവിളാകത്ത് വീട്ടിൽ അനീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.

2014 ൽ അവധിയിൽ പ്രവേശിച്ച അബ്‌ദുൾ ലത്തീഫിന്റെ ശമ്പളമായി സർക്കാർ വിതരണം ചെയ്ത 14,96,000 രൂപയാണ് ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ അക്കൗണ്ട് തിരിമറി നടത്തി ഇരുവരും ചേർന്ന് തട്ടിയെടുത്തത്. പിതാവ് മരിച്ചതിനെ തുടർന്ന് ജോലി ലഭിച്ച സജു 2007 മുതൽ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ ക്ലാർക്കായി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ഏഴ് വർഷമായി മെഡിക്കൽ കോളേജിലെ അക്കൗണ്ട് ബിൽ സെക്ഷനിൽ സ്റ്റാഫ്നഴ്സുമാരുടെ സാലറി കൈകാര്യം ചെയ്യുന്നത് സജുവാണ്. ഇവിടെ സ്റ്റാഫ് നഴ്സായിരുന്ന അബ്ദുൾ ലത്തീഫ് ഗൾഫിൽ പോകുന്നതിനായി വേതനമില്ലാത്ത അവധിയിൽ പ്രവേശിച്ചപ്പോൾ പ്രതി സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ഈ വിവരം രേഖപ്പെടുത്തിയില്ല. അബ്ദുൾ ലത്തീഫിന്റെ അക്കൗണ്ട് മാറ്റി പകരം തന്റെ സുഹൃത്തും മുൻപ് അയൽക്കാരനുമായിരുന്ന ഔട്ട്ഡോർ ഫുഡ് ഡെലിവറി ബോയി അനീഷ്‌കുമാറിന്റെ അക്കൗണ്ടിലേക്ക് വക മാറ്റുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം ഇരുവരും പങ്കിട്ടെടുത്തു.

2014 മുതൽ തുടർന്നുവന്ന തട്ടിപ്പ് ജൂനിയർ സൂപ്രണ്ടിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സജുവിനെ വിളിച്ച് വരുത്തി തിരക്കിയപ്പോൾ എന്ത് പിഴവാണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നാണ് ആദ്യം പറഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ കൂടുതൽ അന്വേഷണം നടത്തിയതോടെ സജു പണം ട്രഷറിയിൽ അടയ്ക്കാമെന്ന് അറിയിച്ചു. തുടർന്ന് ട്രഷറിയിൽ 14,96,000 അടച്ചതിന്റെ രസീതും ഹാജരാക്കി. ട്രഷറിയിൽ പണം എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ പതിനാലായിരത്തി തൊള്ളായിരത്തി അറുപത് രൂപ മാത്രമാണ് അടച്ചതെന്ന് കണ്ടെത്തി. ട്രഷറി ചെല്ലാനിലും തിരിമറി നടത്തി രക്ഷപ്പെടാൻ ശ്രമിച്ചതായി ബോദ്ധ്യമായതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ അരുൺ കെ.എസ്, സബ് ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്ത്, എസ്.ഐ മോഹനൻ നായർ എന്നിവർ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. പ്രതികൾ സമാനരീതിയിൽ തിരിമറികൾ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.