രാത്രി 12.30 മുതൽ ഫേസ് ബുക്കിൽ ലൈവ് സ്ടീമിംഗ്
കാംപ്‌നൗ : യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഇന്ന് രാത്രി ലോകം സാക്ഷിയാകും. ഇന്ത്യൻ സമയം രാത്രി 1.30 ന് നടക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള സ്പാനിഷ് ലാലിഗയിലെ എൽ ക്ളാസിക്കോ മത്സരമാണ് ആരാധകരിൽ ആവേശം ജ്വലിപ്പിക്കുന്നത്. ഇൗസീസൺ ലാലിഗയിലെ ആദ്യ എൽ ക്ളാസിക്കോ പോരാട്ടമാണിത്. ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ഇൗ മത്സരം സ്പെയ്‌നിലെ കറ്റാലൻ പ്രക്ഷോഭത്തെ തുടർന്നാണ് ഇൗ മാസത്തേക്ക് മാറ്റിയത്. ഇപ്പോഴും തുടരുന്ന പ്രക്ഷോഭങ്ങളുടെ നിഴലിലാണ് ബാഴ്സലോണയുടെ തട്ടകമായ ക്യാംപ് നൗവിൽ ഇന്ന് എൽ ക്ളാസിക്കോ അരങ്ങേറുന്നത്.
തുല്യശക്തികൾ
ഇത്തവണ നേർക്കുനേർ പോരാട്ടത്തിനെത്തുമ്പോൾ റയലിനും ബാഴ്സലോണയ്ക്കും സമാനതകൾ ഏറെയാണ്.
സ്പാനിഷ് ലാലിഗയിൽ 16 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ 35 പോയിന്റ് വീതമാണ് ഇരുടീമുകളും സ്വന്തമാക്കിയിരിക്കുന്നത്. ഗോൾ വ്യത്യാസത്തിൽ മികച്ചുനിൽക്കുന്നതിനാൽ ബാഴ്സലോണ ഒന്നാംസ്ഥാനത്തും റയൽ രണ്ടാംസ്ഥാനത്തും.
ലാലിഗയിലെ കഴിഞ്ഞ മത്സരത്തിലും ഇരുടീമുകൾക്കും സമനില വഴങ്ങേണ്ടിവന്നു. ബാഴ്സലോണ റയൽസോഡിഡാഡുമായി 2-2ന് സമനില വഴങ്ങിയപ്പോൾ റയൽ മാഡ്രിഡ് 1-1ന് വലൻസിയയ്ക്കെതിരെയാണ് സമനില വഴങ്ങിയത്.
സൂപ്പർ താരങ്ങൾ
ലോകോത്തര താരങ്ങളുടെ പോരാട്ടത്തിനാണ് ഇന്ന് ക്യാംപ് നൗ സാക്ഷ്യം വഹിക്കുക. ബാഴ്സലോണയുടെ നിരയിൽ സൂപ്പർ സ്റ്റാർ സാക്ഷാൽ മെസി തന്നെ. ഇൗ സീസണിൽ 10 മത്സരങ്ങളിൽനിന്ന് മെസി 12 ഗോളുകൾ നേടിക്കഴിഞ്ഞു. ലൂയിസ് സുവാരേസ് , അന്റോയിൻ ഗ്രീസ്‌മാൻ, കൗമാര താരം അൻസുഫറ്റി എന്നിവരും ബാഴ്സലോണ നിരയിലുണ്ട്.
മികച്ച ഫോമിലുള്ള ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് റയലിന്റെ തുറപ്പുചീട്ട്. ബെൻസേമയും ഇൗ സീസണിൽ 12 ഗോളുകൾ നേടിക്കഴിഞ്ഞു. വലൻസിയയ്ക്ക് എതിരായ മത്സരത്തിൽ ഇൻജുറി ടൈമിൽ സമനില ഗോൾ നേടി റയലിനെ തോൽവിയിൽനിന്ന് രക്ഷിച്ചത് ബെൻസേമയാണ്. ലൂക്കാമൊഡ്രിച്ച് , കർവഹായൽ, ഇസ്കോ , ടോണിക്രൂസ്, റാഫേൽ വരാനേ, റോഡ്രിഗോ തുടങ്ങിയവർ റയൽ നിരയിലുണ്ട്. മെസിയെ നിയന്ത്രിക്കാനുള്ള ചുമതല റയൽ നായകൻ കൂടിയായ സെർജി റാമോസിനായിരിക്കും. ഗാരേത്ത് ബെയ്ലിനെ പകരക്കാരനായാകും റയൽ കോച്ച് സിദാൻ ഇറക്കുക.
4
കഴിഞ്ഞ നാല് എൽ ക്ളാസിക്കോ പോരാട്ടങ്ങളിലും ജയിച്ചത് ബാഴ്സലോണയാണ്. ഇൗവർഷം നടന്ന കഴിഞ്ഞ സീസണിലെ രണ്ടാം ലാലിഗ എൽ ക്ളാസിക്കോയിൽ ബാഴ്സ ജയിച്ചത് 5-1 നായിരുന്നു. തുടർന്ന് നടന്ന കിംഗ്സ് കപ്പിലെ മത്സരത്തിൽ റയലിന്റെ തട്ടകത്തിൽ ചെന്ന് 1-0 ത്തിന് കീഴ്ടക്കി.
242
എൽ ക്ളാസിക്കോ മത്സരങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. 33 പ്രദർശന മത്സരങ്ങളും കൂടി ചേർത്ത് 275 എൽ ക്ളാസിക്കോകൾ.
96
വിജയങ്ങൾ ബാഴ്സലോണയ്ക്ക് സ്വന്തം. 19 പ്രദർശന മത്സരങ്ങളിലും ജയിച്ചത് ബാഴ്സലോണ
99
കളികളിൽ റയൽ മാഡ്രിഡ് വിജയം നേടി. ഇന്ന് ജയിച്ചാൽ റയലിന് വിജയ സെഞ്ച്വറി തികയ്ക്കാം.
61
മത്സരങ്ങളാണ് സമനിലയിൽ പിരിഞ്ഞത്.
26
ഗോളുകളുമായി ലാലിഗ ചരിത്രത്തിലെ ടോപ് സ്കോററാണ് മെസി.