water-authority

തിരുവനന്തപുരം: ബി.പി.എൽ വിഭാഗത്തിന് 15, 000 ലിറ്ററും മറ്റ് വിഭാഗങ്ങൾക്ക് 3000 ലിറ്ററും സൗജന്യമായി നൽകിക്കൊണ്ടാവും സംസ്ഥാനത്ത് വെള്ളക്കരം വർദ്ധന നടപ്പിലാക്കുക.വെള്ളക്കരം വർദ്ധന സംബന്ധിച്ച

ജലവിഭവ വകുപ്പിന്റെ ശുപാർശ അടുത്ത എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.

കേന്ദ്ര സർക്കാരിന്റെ ജലശക്തി മിഷൻ പ്രകാരം എല്ലാ വീടുകളിലും ജലം എത്തിക്കുന്ന പദ്ധതി കൂടി കണക്കിലെടുത്താണ് കൂടുതൽ വെള്ളം ഉപയോഗിക്കുന്നവർക്ക് നിരക്ക് കൂട്ടുകയെന്ന നിർദ്ദേശം ജലവിഭവ വകുപ്പ് മുന്നോട്ട് വച്ചത്. പദ്ധതിക്കുള്ള 50 ശതമാനം തുക കേന്ദ്ര സർക്കാർ നൽകും. ബാക്കി തുക സംസ്ഥാനം കണ്ടെത്തണം. ഇപ്പോൾ തന്നെ വരുമാനത്തിൽ 3000 കോടിയുടെ നഷ്ടമുണ്ട്. നിലവിൽ 0.4 പൈസയാണ് ലിറ്ററിന് ഈടാക്കുന്നത്. കാർ കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതുമൊക്കെ വാട്ടർ അതോറിട്ടിയുടെ ജലമാണ് പലരും ഉപയോഗിക്കുന്നത്. ഇങ്ങനെ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നവർക്ക് നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. 25 ലക്ഷം കണക്ഷ്നുകളാണ് വാട്ടർ അതോറിട്ടിക്കുള്ളത്. അടുത്തവർഷം 10 ലക്ഷം കണക്ഷൻ കൂടി നൽകാനാണ് തീരുമാനം.

വൈദ്യുതി ചാർജ്ജ്

വർദ്ധനയും വെല്ലുവിളി
നിലവിൽ വൈദ്യുതി ചാർജ് ഇനത്തിൽ വാട്ടർ അതോറിട്ടി കെ.എസ്.ഇ.ബിക്കു നൽകുന്നത് പ്രതിമാസം 23 കോടിയാണ്. വൈദ്യുതി നിരക്ക് കൂടിയതോടെ ഇതിൽ അഞ്ചു കോടിയുടെ വർദ്ധനവുണ്ടാകും. പ്രതിവർഷം 60 കോടിയുടെ അധിക ബാദ്ധ്യത. ഇപ്പോൾത്തന്നെ വാട്ടർ അതോറിട്ടിയുടെ വാർഷിക നഷ്ടം 325 കോടിയാണ്. വരവ് 925 കോടിയും ചെലവ് 1250 കോടിയും. 60 കോടിയുടെ ആധികച്ചെലവ് കൂടി വഹിക്കേണ്ടിവരുതോടെ അതോറിട്ടിയുടെ നട്ടെല്ലൊടിയും. രണ്ടു ലക്ഷം പൊതു ടാപ്പുകൾ വഴി ജലവിതരണത്തിനുള്ള ചെലവും വലുതാണ്.

നേരത്തേ വെള്ളക്കരം കൂട്ടിയത് 2014 ലാണ്. പ്രതിമാസം 15 കിലോലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് കിലോലിറ്ററിന് നാലു രൂപയിൽ നിന്ന് ആറ് രൂപയായിട്ടായിരുന്നു അന്നത്തെ വർദ്ധന. അതിൽക്കുറവ് വെള്ളം ഉപയോഗിക്കുന്ന ബി.പി.എല്ലുകാർക്ക് ചാർജില്ല. ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും നിരക്ക് വർദ്ധിപ്പിക്കണമെന്ന് ഒരു വർഷം മുമ്പ് വാട്ടർ അതോറിട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രളയവും ലോക് സഭാ തിരഞ്ഞെടുപ്പും കാരണം ഈ നിർദ്ദേശം സർക്കാർ മാറ്റിവയ്ക്കുകയായിരുന്നു.