കേപ്ടൗൺ : 2017 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ നായകൻ എ.ബി. ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരികെ എത്തിയേക്കും. ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ മുൻ താരം മാർക്ക് ബൗച്ചറാണ് ട്വന്റി 20 ലോകകപ്പിന് മുമ്പ് ഡിവില്ലിയേഴ്സിനെ തിരിച്ചെത്തിക്കാൻ മുൻകൈ എടുക്കുന്നത്. ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ളെസിക്കും ഡിവില്ലിയേഴ്സിനെ തിരിച്ചെത്തിക്കുന്നതിൽ പൂർണ സമ്മതമാണ്. ഇൗ വർഷം ഇംഗ്ളണ്ടിൽ നടന്ന ലോകകപ്പിൽ കളിക്കാൻ ഡിവില്ലിയേഴ്സ് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ക്രിക്കറ്റ് ബോർഡ് സമ്മതിച്ചിരുന്നില്ല. ഡിവില്ലിയേഴ്സ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റ് ലീഗായ മാൻസി സൂപ്പർ ലീഗിൽ കളിക്കുകയാണ്.
ലബുഷാംഗെ ഏകദിന ടീമിൽ
സിഡ്‌നി : അടുത്ത മാസം ഇന്ത്യയിൽ ഏകദിന മത്സരങ്ങൾക്കായി എത്തുന്ന ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ മാർനസ് ലബുഷാംഗെയെ ഉൾപ്പെടുത്തി. ഗ്ളെൻ മാക്സ്‌വെലിനെയും മാർക്കസ് സ്റ്റോയ്നിസിനെയും ഒഴിവാക്കി. ആരോൺ ഫിഞ്ചാണ് ക്യാപ്ടൻ. സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ടീമിലുണ്ട്. ജനുവരിയിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യയും ആസ്ട്രേലിയും കളിക്കുക.
ബുംറയും ഷായും നെറ്റ്സിൽ
വിശാഖപട്ടണം : പരിക്കിൽനിന്ന് മോചിതനായ പേസർ ജസ്‌പ്രീത് ബുംറയും ഒാപ്പൺ പൃഥ്വിഷായും വിശാഖപട്ടണത്ത് ഇന്ത്യൻ ടീമിനൊപ്പം നെറ്റ്സിൽ പരിശീലനം നടത്തി. വിൻഡീസ് പര്യടനത്തിനുശേഷം പരിക്കുമൂലം വിട്ടുനിൽക്കുന്ന ബുംറ അടുത്തവർഷം ന്യൂസിലൻഡിലേക്കുള്ള പര്യടനത്തിൽ തിരിച്ചെത്തിയേക്കും. പരിക്കും വിലക്കും കഴിഞ്ഞ് പൃഥ്വിഷാ രഞ്ജിയിൽ സെഞ്ച്വറിയുമായി കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നു.