police-

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ ഡി.ആർ.ഐയുടെ പിടിയിലായ വഞ്ചിയൂർ എസ്.ഐ എ.എം സഫീറിനെ സസ്പെൻഡ് ചെയ്തു. ദുബായിൽ നിന്ന് വനിതാ സുഹൃത്തിനൊപ്പം എമിറേറ്റ്സ് വിമാനത്തിൽ രണ്ട് കിലോ സ്വർണം പഴ്സിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സഫീർ പിടിയിലായത്. കേസിൽ സഫീർ അറസ്റ്റിലായതോടെ ശംഖുംമുഖം അസി.കമ്മിഷണർ ഐശ്വര്യ ഡോംഗ്രെ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ സഫീറിനെ സസ്പെൻഡ് ചെയ്തത്. സഫീറിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് സിമി പ്രിജിയേയും ഡി.ആർ.ഐ പിടികൂടിയെങ്കിലും സ്വർണകടത്തുമായി ബന്ധമില്ലെന്ന് കണ്ടതിനെ തുടർന്ന് വിട്ടയച്ചിരുന്നു.

കള്ളക്കടത്തിൽ ഡി.ആർ.ഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന് സ്വർണം പുറത്തേക്ക് കടത്താൻ കള്ളക്കടത്ത് സംഘങ്ങൾക്ക് സഹായം നൽകുന്ന വിമാനത്താവള ജീവനക്കാരെ ഡി.ആർ.ഐ നിരീക്ഷിച്ചുവരികയാണ്. വിമാനത്താവളത്തിലെ കാമറകളില്ലാത്ത ഭാഗം കേന്ദ്രീകരിച്ചാണ് ഇത്തരം കള്ളക്കടത്ത് ഇടപാടുകൾ നടക്കുന്നത്. വിമാനത്തിനുള്ളിൽ കാമറയുണ്ടെങ്കിലും റെക്കോർഡിംഗ് സംവിധാനമുള്ളവയല്ല. കോക്പിറ്റിൽ പൈലറ്റിന് യാത്രക്കാരെ നിരീക്ഷിക്കാനും വിമാനത്തിനുൾവശം കാണാനും മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ചും സ്വർണക്കള്ളക്കടത്തിന്റെ അന്വേഷണം പുരോഗമിച്ച് വരികയാണെന്ന് ഡി.ആർ.ഐ അവകാശപ്പെട്ടു. മൊബൈൽഫോൺ കോളുകൾ, ഇ.മെയിൽ സന്ദേശങ്ങൾ എന്നിവയും ഡി.ആർ.ഐ പരിശോധിക്കുന്നുണ്ട്.