nish
nish

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ, സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്ഥാപനമായ നിഷിനെ കേന്ദ്ര സർവകലാശാലയാക്കാമെന്ന മോഹം പൊലിയുന്നു. ഭാരിച്ച ചെലവ് കണക്കിലെടുത്ത് , തത്കാലം സംസ്ഥാന സർവകലാശാലയാക്കാനുള്ള വഴിയും അടഞ്ഞു.

ഇതേ മേഖലയിലെ സർക്കാർ സ്ഥാപനങ്ങളായ ബഡ് സ്കൂൾ, തൃശൂർ കല്ലേറ്രുകരയിലെ എൻ.ഐ.പി.എം.ആർ, എസ്.ഐ.എം.സി പാങ്ങപ്പാറ തുടങ്ങിയവയുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ഗുണനിലവാരം നിശ്ചയിക്കുകയും ചെയ്യുന്ന ഇൻസ്റ്രിറ്ര്യൂട്ടായി നിഷിനെ മാറ്രാനാണ് പുതിയ നീക്കം. നിഷിനെ സർവകലാശാലയാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഡോ. എം.കെ.സി. നായർ കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണിത്. ആദ്യം സർക്കാർ സ്ഥാപനങ്ങളെയും പിന്നീട് ഈ മേഖലയിലെ സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ഇൻസ്റ്രിറ്ര്യൂട്ടിന്റെ പരിധിയിൽ കൊണ്ടുവരും.

കടിച്ചതും പോയി;

പിടിച്ചതും

ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ചികിത്സയും നൽകിവരുന്ന നിഷിനെ സംസ്ഥാന സർവകലാശാലയാക്കാൻ 2014ൽ തീരുമാനിച്ചിരുന്നു. ഇതിനുള്ള ബില്ലും തയ്യാറായി. കഴിഞ്ഞ യു.ഡി.എഎഫ് സർക്കാർ വിതുരയിൽ 50 ഏക്കർ സ്ഥലവും അനുവദിച്ചു. ഇതിനിടെ, നിഷിനെ കേന്ദ്ര സർവകലാശാലയാക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വന്നതോടെ സംസ്ഥാന സർവകലാശാല പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു. കേന്ദ്രം

ഇത് സംബന്ധിച്ച ബിൽ തയ്യാറാക്കുകയും മറ്ര് നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തെങ്കിലും, പിന്നീട് നിഷിനെ തഴഞ്ഞ് ഭിന്നശേഷിക്കാർക്കായുള്ള സർവകലാശാല വടക്കുകിഴക്കൻ സംസ്ഥാനത്തേക്ക് കൊണ്ടുപോയി.

ഇതോടെ പഴയ ബിൽ പൊടി തട്ടിയെടുത്ത് വീണ്ടും സംസ്ഥാന സർവകലാശാല രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. എന്നാൽ, ഇതിനാവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അതു പാതി വഴിയിൽ ഉപേക്ഷിച്ചു. നിഷിനെ സർവകലാശാലയാക്കാൻ നടത്തിവന്ന പ്രവർത്തനങ്ങൾ ഇതോടെ നിലച്ചു ഇതേ കാലയളവിൽ സ്ഥാപിതമായ മൈസൂരുവിലെ ആൾ ഇന്ത്യാ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിനെ ഈയിടെ കേന്ദ്ര സർവകലാശാലയായി ഉയർത്തിയിരുന്നു. അതിനെക്കാൾ വ്യാപകമായ പ്രവർത്തന പരിധിയാണ് നിഷിനുള്ളത്.

നിഷ് രാജ്യത്ത്

ഒന്നാമത്

 2016ൽ പാർലമെന്റ് പാസാക്കിയ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന്റെ പരിധിയിലുള്ള മിക്ക വൈകല്യങ്ങളും പരിഹരിക്കാൻ മികച്ച സംവിധാനമുള്ള രാജ്യത്തെ ഏക സ്ഥാപനം.

 കേൾവി ശേഷി തകരാറുകൾ, നാഡീവൈകല്യങ്ങൾ, സെറിബ്രൽ പാൾസി, തിരിച്ചറിയൽ വൈകല്യം, പഠന വൈകല്യം തുടങ്ങിയവയിൽ വിദഗ്ദ്ധ ചികിത്സയും അടിസ്ഥാന പരിശീലന കോഴ്സുകളും.

 വിദേശ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ പഠന ഗവേഷണ പരിപാടികൾ .

സംസ്ഥാന സർക്കാരിന്റെ കോക്ലിയർ ഇംപ്ലാന്റേഷൻ പരിപാടിക്ക് ബൗദ്ധിക സേവനമുണ്ടായിരുന്നു.

 രാജ്യാന്തര സ്ഥാപനങ്ങളുമായുള്ള അക്കാ‌‌ഡമിക്, സാങ്കേതിക, സാമ്പത്തിക സഹകരണം.