രാവിലെ ആ വാർത്ത വായിച്ചു. 90-ാം വയസിൽ ഡോ. ശ്രീറാം ലഗു എന്ന വലിയ നടൻ, പൂനെയിൽ നിര്യാതനായി.
സത്യം പറയട്ടെ, അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് ഞാൻ ഓർത്തിരുന്നില്ല. അത്രയ്‌ക്ക് പ്രായമുള്ള മനുഷ്യൻ. വിജയമെഹ്‌ത്തയുടെയും വിജയ് തെണ്ടുൽക്കറുടെയും സമശീർഷൻ. അവരൊക്കെ കടന്നുപോയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു കാണും. നാടക കളരിയിൽ അവർക്കൊപ്പം അരങ്ങ് തകർത്ത ശേഷമാണ്, തൊഴിൽപരമായി ഒരു ഡോക്ടറായ ലഗു സിനിമയിൽ എത്തുന്നത്. പിന്നെ കൊമേർഷ്യൽ സിനിമയിലും സമാന്തര സിനിമയിലും ഒരു 'ഗ്രേസ് ഫുൾ" സാന്നിദ്ധ്യമായി. വല്ലാതൊരു ആഢ്യത്വത്തിനുടമയായിരുന്നു ഡോ. ലഗു. ഉത്‌പൽ ദത്തിന് പോലും അത്രയ്ക്ക് അത് അവകാശപ്പെടാനാവില്ലായിരുന്നു. വെരി ഗ്രേസ് ഫുൾ!
ഡോ. ലഗു എന്നെ വേദനിപ്പിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. ഐ.എഫ്.എഫ്.കെ 2019ന്റെ അവസാനദിനം (ഡിസംബർ 13) ഞാൻ കണ്ട ചിത്രങ്ങളിൽ ഒന്ന് 'ഏക് ദിൻ അചാനക്" ആയിരുന്നു. മൃണാൾ ദായുടെ രണ്ട് ചിത്രങ്ങൾ എന്റെ ശാപമാണ് ! എക് ദിൻ പ്രതി ദിനും എക് ദിൻ അചാനക്കും. എക് ദിൻ പ്രതി ദിൻ എന്ന് കരുതി ആളൊഴിഞ്ഞ നിള തിയേറ്ററിൽ കയറി ഇരുന്നു. താഴെക്കിട മദ്ധ്യവർത്തികളുടെ ധർമ്മസങ്കടങ്ങളും പൊയ്‌മുഖങ്ങളും ഒന്ന് കൂടി അനുഭവിക്കാനായി ഞാനിരുന്നു. ആ ചിത്രം അടിമുടി കാണാപ്പാഠമാണ്. ഒരു ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങിവരാൻ കഴിയാതെ പുലർച്ചെ 'ചിന്മയി" എന്ന കഥാനായിക തന്റെ (അതിപുരാതനമായ ഒരു നാല് നില കെട്ടിടത്തിലെ രണ്ട് മുറികളാണ് അത്) വീടണയുന്നു. തലേന്ന് രാത്രി ചിന്മയിയുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ അനുഭവിച്ച പ്രാണവേദനയാണ് യഥാർത്ഥ ചിത്രം. അവിടെ ചിന്മയിയല്ല. അവളെ അവരുടെ മനസിലൂടെയാണ് നാം ഗ്രഹിക്കുക. തളർന്ന് അവശയായി എത്തിയ ചിന്മയിയോട് ഒരു വാക്ക് പോലും ആരും ഉരിയാടുന്നില്ല. അവൾ തകർന്ന് പോകുന്നു!
ആ ചിത്രം റിലീസ് ചെയ്തു. 25-വർഷങ്ങൾക്ക് ശേഷം ഒരു മീറ്റ് ദ പ്രസിൽ പതിവ് ചിട്ടവട്ടങ്ങൾക്ക് ശേഷം, ഒരുപറ്റം യുവ ജേർണലിസ്റ്റുകൾ മൃണാൾ ദായെ വളയുന്നു. ബാബാ , യഥാർത്ഥത്തിൽ ചിന്മയിയ്ക്ക് അന്നു രാത്രി എന്താണ് സംഭവിച്ചത്: മൃണാൾ ദാ കൈമലർത്തി. ''ഞാൻ അന്വേഷിച്ചിട്ടില്ല. അതിനുള്ള ത്രാണി എനിക്ക് ഇനിയും ലഭിച്ചിട്ടില്ല."
13-ാം തീയതി നിളയിൽ കയറി ഇരുന്നപ്പോൾ കണ്ടുമുട്ടിയതും പഴയ പ്രൊഫസറെയാണ്. മറ്റൊരു മിസ്റ്ററിയുടെ ഉടമ.
രണ്ട് ദിവസമായി തോരാത്ത മഴയായിരുന്നു. റിട്ടയർ ചെയ്ത് എഴുത്തും വായനയുമായി കഴിയുന്ന പ്രൊഫസർ തന്റെ കാലൻ കുടയും ചെറിയ ഡയറിയും പഴ്‌സും എടുത്ത്, 'ദേ ഇപ്പോ വരാം" എന്ന് പറഞ്ഞ് സന്ധ്യയ്ക്ക് വീട് വിട്ടിറങ്ങി. അയാൾ അങ്ങിനെയാണ്. എല്ലാം സ്വന്തം തീരുമാനങ്ങളാണ്. അയാളായി അയാളുടെ പാടായി എന്നാണ് ഭാര്യയുടെ രീതി!
രാത്രി വളരെ വൈകിയിട്ടും പ്രൊഫസർ മടങ്ങി എത്തിയില്ല. എല്ലാ മാർഗങ്ങളിലും കുടുംബം ശ്രമിച്ചു. ഭാര്യയുടെ സഹോദരൻ നല്ല പിടിപാടുള്ള വ്യക്തിയാണ്. എന്നിട്ടും എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു.
കൊൽക്കത്ത നഗരത്തിൽ പ്രൊഫസറുടെ രണ്ടാം നിലയിലുള്ള മൂന്ന് മുറി വീട് ഒരു ലക്ഷ്വറി ആണ്. ഒരു വലിയ മുറി പ്രൊഫസറുടെ വിഹാര രംഗമായിരുന്നു. അടുക്കോടും ചിട്ടയോടും അദ്ദേഹം പ്രേമിച്ച് ലാളിച്ച്, പരിചരിച്ച് സൂക്ഷിക്കുന്ന പുസ്തകങ്ങൾ! ഇനി അത് ഭാരമാണ്. വർഷം ഒന്നാകുന്നു! അങ്ങനെ അളിയൻ പ്രൊഫസറുടെ ... പുസ്തകങ്ങൾ കൈമാറുവാൻ തീരുമാനിക്കുന്നു. ഒരൊറ്റ വർഷം! പ്രൊഫസറുടെ എല്ലാ മുദ്രകളും മായ്ക്കപ്പെടുന്നു.
ഈ പ്രൊഫസറെ ഡോ. ശ്രീറാം ലഗുവിലൂടെയാണ് 13-ാം തീയതി കാണുന്നത്. അയാളുടെ ഹൃദയത്തിൽ നിന്നു വരുന്ന ചിരി ഇനിയും ശാന്തമായിട്ടില്ല. അയാളുടെ പ്രിയങ്കരിയായ പിഎച്ച്.ഡി ശിഷ്യയുമൊത്തുള്ള (അപർണ സെൻ) സർഗാത്മക ചർച്ചകളുടെ ഒച്ച അടങ്ങിയിട്ടുമില്ല. നാം ശരിക്കും അന്തിയുറങ്ങുന്നത് നമ്മുടെ സ്വപ്നങ്ങളിലാണോ അതോ യാഥാർത്ഥ്യങ്ങളുടെ ലോകത്താണോ" എന്ന് അന്വേഷിച്ചിറങ്ങുന്നതാവണം അന്ന് സന്ധ്യയ്ക്ക് പ്രൊഫസർ!
മൃണാൾദാ കഴിഞ്ഞ ഡിസംബറിൽ പോയി. ഈ അന്ത്യമാസത്തിൽ പ്രൊഫസറും (ഡോ. ലഗു) അവരുടെ കഥാപാത്രങ്ങൾ, പക്ഷെ മരണമില്ലാതെ, മറവിരോഗം" ബാധിച്ചിട്ടില്ലാ എന്ന് ഓർമ്മിപ്പിച്ച്, പിന്തുടർന്നുകൊണ്ടേയിരിക്കും.
( ലേഖകന്റെ ഫോൺ:9847921294)