തിരുവനന്തപുരം : എം.കെ. സാനു എഡിറ്ററായ മലയാള ഭാഷയും സാഹിത്യ ചരിത്രവും എന്ന പുസ്തകത്തിൽ ഇടംപിടിച്ച ഒരു യുവകവി തലസ്ഥാന നഗരിയിലുണ്ട്. പേനയെടുക്കുന്നവരെല്ലാം കവിയായി മാറുന്ന കാലത്ത് കവിതയുടെ ജനാധിപത്യം ആഘോഷിക്കുന്ന അഷറഫ് ഡി. റാസി. കിഴക്കേക്കോട്ടയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക് കടക്കുന്നറോഡിന്റെ വലതുവശത്തെ ഫുട്പാത്തിൽ സദാസമയവും കവി തിരക്കിലായിരിക്കും. മനുഷ്യരുമായി കവി നിരന്തരം സംവദിക്കുകയാണ്. കവിതയെഴുതിയല്ല, കാലുകളെ മനോഹരമാക്കുന്ന ചെരുപ്പുകൾ വിറ്റ്.
കഴിഞ്ഞ നാലു വർഷമായി അഷറഫ് നഗരത്തിൽ ചെരുപ്പ് കച്ചവടം നടത്തുന്നുണ്ട്. ആറാം ക്ളാസിൽ പഠിക്കുമ്പോൾ വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ക്യാന്റീനിൽ എച്ചിൽ പാത്രമെടുത്തും മേശതുടച്ചുമായിരുന്നു തുടക്കം.പിന്നീട് സ്വകാര്യ ബസിൽ ക്ളീനറായി. അൺഎയ്ഡഡ് സ്കൂളിൽ പ്യൂണായി. പള്ളിയിൽ ബാങ്ക് വിളിക്കുന്ന ആളായി. അങ്ങനെ ജീവിതത്തിൽ കെട്ടിയാടാത്ത വേഷങ്ങൾ ചുരുക്കം. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ മാത്രമല്ല ഇഷ്ടപ്പെട്ട പുസ്കതങ്ങൾ വായിക്കാനുള്ള പണം കണ്ടെത്താൽ കൂടിയാണ് അഷറഫ് തുകൽചെരുപ്പുകൾ വിൽക്കുന്നത്.
2013ൽ 'ഏഴ് മുറികളിൽ കവിത" എന്ന അഷ്‌റഫിന്റെ 21 കവിതകൾ അടങ്ങിയ സമാഹാരം പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് ഈ യുവകവി. തന്റെ കവിതയെകുറിച്ചും, കേരളത്തിലെ കവികളെകുറിച്ചും ചെരിപ്പു വാങ്ങാനെത്തുന്നവരോട് വാതോരാതെ അഷറഫ് സംസാരിക്കും. ആ സംസാരം എഴുത്തച്ഛൻ മുതൽ എം.ആർ. വിഷ്ണുപ്രസാദിലേയ്ക്ക് വരെ നീളും. ഏതെടുത്താലും ഇരുന്നൂറ് രൂപയെന്ന് തൊണ്ട പൊട്ടി വിളിക്കുന്ന ജീൻസും ടീഷർട്ടുമിട്ട ഒരു ചെത്തുപയ്യനായിട്ടേ അഷറഫിനെ ഒറ്റനോട്ടത്തിൽ തോന്നൂ. വിലപേശാൻ മാത്രമല്ല കവിതയ്ക്കൊപ്പം അസലായി പാട്ട് പാടാനും അഷറഫിന് അറിയാം. കിഴക്കേക്കോട്ടയിലെ ആട്ടോകാർക്കും കച്ചവടകാർക്കുമിടയിൽ അഷറഫിന്റെ പാട്ടുകൾ പ്രശസ്തമാണ്.
ഉമ്മ നൂർജഹാനും അനിയനും അടങ്ങുന്ന കുടുംബം താമസിക്കുന്നത് കരിമഠം കോളനിയിലാണ്.
പത്താംക്ലാസ് തോറ്റ് പൂർണസമയം ജോലിക്കിറങ്ങിയപ്പോഴും വായന കൈവിട്ടില്ലെന്ന് അഷ്‌റഫ് തന്റെ ചെരിപ്പുതട്ടിൽ ചാരി നിന്നുകൊണ്ട് പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ജോലിചെയ്തു കിട്ടുന്ന ശമ്പളവുമായി അഷറഫ് ദിവസവും ഓടുന്നത് സ്റ്റാച്യുവിലെ രമേശന്റെ പുസ്തകതട്ടിലേയ്ക്കാണ്. ആനുകാലികങ്ങളും പുസ്തകങ്ങൾക്കുമായി ഒരു ദിവസം 400 രൂപ മുടക്കും. ചുരുക്കത്തിൽ ഒരു മാസം വായനയ്ക്കായി പന്ത്രണ്ടായിരം രൂപയെങ്കിലും മുടക്കും. എഴുത്തുകാരുടെ കൃതികൾ വായിച്ചശേഷം അവരെ ഫോണിലൂടെയോ കത്തിലൂടെയോ നിരന്തരം ബന്ധപ്പെടുമെന്നാണ് അഷറഫ് പറയുന്നത്.
തന്റെ കവിതയുടെ എഡിറ്രർ താൻ തന്നെയാണെന്ന് പറയുന്ന അഷറഫിന് സാഹിത്യോത്സങ്ങളിലോ കവിയരങ്ങിലോ പങ്കെടുക്കുന്നതിൽ താത്പര്യമില്ല. പ്രത്യേക ലേബലുകളിൽ അറിയപ്പെടാനും ആഗ്രഹിക്കുന്നില്ല. ലൈബ്രേറിയനാവുക എന്നതാണ് അഷറഫിന്റെ ഏറ്റവും വലിയ ആഗ്രഹം. പുസ്കങ്ങൾക്കിടയിൽ ജീവിച്ചും വായിച്ചും ഉറങ്ങുന്ന ഒരു കാലമാണ് ഈ യുവകവി സ്വപ്നം കാണുന്നത്.
തട്ടിൽ വിൽക്കാനുള്ള ഫ്ളാഷുമായി എത്തിയ ലക്ഷ്മികുട്ടിയുടെ കൈയിൽ നിന്ന് പത്രം വാങ്ങിയ ശേഷം അഷറഫ് ഡി റാസി എഴുതിയ കവിത
ലക്ഷ്മികുട്ടി
എല്ലാരും ഉപേക്ഷിച്ച് പോയി
രോഗം ഊന്നുവടിയായി
വിശപ്പിന്
ഫ്ളാഷ് ദൈവം
"സാറെ ഒരെണ്ണം വാങ്ങൂ
ഏഴ് രൂപ "
ഗുളികവാങ്ങണം
ചായകുടിക്കണം