-criminal

ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യരിൽ ഒരാളാണ് റിദോൺ ടാഖി എന്ന ഡച്ച് ലഹരി മാഫിയ തലവൻ.കേവലം ചായ കുടിക്കുന്ന ലാഘവത്തോടെ കൊലപാതകങ്ങൾ നടത്തുന്ന മരണദൂതനായ ടാഗിയെന്ന പിടിക്കിട്ടാപ്പുള്ളിയെ കഴിഞ്ഞ ദിവസമാണ് ഇന്റർപോളിന്റെ സഹായത്തോടെ ദുബായ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാജ തിരിച്ചറിയൽ രേഖകളുമായാണ് ടാഗി ദുബായിൽ ആരുടെയും കണ്ണിൽപ്പെടാതെ ഒളിവിൽ കഴിഞ്ഞിരുന്നത്. എവിടെ പോയാലും സഹായിക്കാൻ ടാഗിയ്ക്ക് പ്രത്യേകം ആളുകളുണ്ട്. ഡച്ച് പൊലീസ് നൽകിയ വിവരമനുസരിച്ച് ടാഗിയെ കെണിയിൽ വീഴ്‌ത്താൻ ദുബായ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ രൂപപ്പെടുത്തിയിരുന്നു.

ആരാണ് റിദോൺ ടാഖി ?

റിദോൺ ടാഖിയെന്ന ക്രിമിനലിനെപ്പറ്റി വളരെ പരിമിതമായ അറിവേ ലഭ്യമുള്ളു. യൂറോപ്പിൽ ലഹരിക്കടത്ത് കൊണ്ട് പ്രളയം സൃഷ്ടിച്ചതിലൂടെയും തെരുവുകളിൽ ബുള്ളറ്റുകളാൽ രക്തപ്പുഴ ഒഴുക്കിയതിലൂടെയുമാണ് ടാഗിയെന്ന കൊടുംക്രിമിനലിനെ പുറംലോകം അറിഞ്ഞത്. 1977 ഡിസംബർ 20ന് മൊറോക്കോയിൽ ജനിച്ച റിദ്വാൻ ടാഗി നെതർലൻഡ്സിലെ വിയാനെൻ എന്ന ചെറുപ്പട്ടണത്തിലാണ് വളർന്നത്. 90കളോടെ ടാഗി കള്ളക്കടത്ത് ലോകത്തേക്ക് ചേക്കേറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഏയ്ഞ്ചൽസ് ഒഫ് ഡെത്ത് എന്ന കുറ്റവാളി സംഘത്തിന്റെ തലവനായി മാറി ടാഗി. യൂറോപ്പിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരൻ ടാഗിയാണ്. മൊറോക്കോയ്‌ക്കും യൂറോപ്പിനുമിടെ മയക്കുമരുന്ന് കടത്തുന്നതു വഴി ഒരു കൂറ്റൻ ലഹരി സാമ്രാജ്യം പടുത്തുയർത്താൻ ടാഗിയ്ക്ക് കഴിഞ്ഞു.

യൂറോപ്പിലെ കൊക്കെയ്ൻ സാമ്രാജ്യത്തിന്റെ ഭൂരിഭാഗവും ടാഗിയുടെ നിയന്ത്രണത്തിലായിരുന്നു. യാതൊരു തെളിവുകളും അവശേഷിക്കാത്തതരത്തിൽ ഫ്രാൻസ്, ബെൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ടാഗി തന്റെ കള്ളക്കടത്ത് സങ്കേതങ്ങൾ വിപുലമാക്കി. ടാഗിയുടെ മുത്തച്ഛൻ മൊറോക്കോയിൽ നിന്നും യൂറോപ്പിലേക്ക് ഹാഷിഷ് കള്ളക്കടത്ത് നടത്തിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ലഹരി മാഫിയയായി വളരുന്നതിന് ടാഗിയ്ക്ക് തന്റെ മുത്തച്ഛന്റെ ജീവിതം തന്നെ ബാലപാഠമായി. എന്നാൽ ടാഗിയുടെ മുത്തച്ഛന് ഇങ്ങനെയൊരു പശ്ചാത്തലമില്ലായിരുന്നുവെന്നും വാദമുണ്ട്. തന്റെ പ്രവർത്തനങ്ങളെപറ്റി വാർത്തകൊടുത്ത മാദ്ധ്യമങ്ങളെ ടാഗിയും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ടാഗിയുടെ സഹോദരൻമാരും ഏഞ്ചൽസ് ഒഫ് ഡെത്ത് സംഘത്തിൽ സജീവമാണെന്നാണ് പറയപ്പെടുന്നുണ്ട്.

 ഏഞ്ചൽസ് ഒഫ് ഡെത്ത്

പേര് പോലെ തന്നെ മരണം മണക്കുന്ന കള്ളക്കടത്ത് സംഘമാണ് ഏഞ്ചൽ ഒഫ് ഡെത്ത്. യൂറോപ്പിലും ആഫ്രിക്കയിലും ലഹരിപ്പുഴ ഒഴുക്കുന്ന ഇക്കൂട്ടർ നിരവധി പേരെയാണ് കൊന്നുത്തള്ളിയത്. നെതർലൻഡ്സ് ഒട്ടാകെ ഭീതിപ്പരത്തിയ സംഘമാണ് ഏഞ്ചൽസ് ഒഫ് ഡെത്ത്.

 വിലങ്ങ് വീണതറിയാതെ

ടാഗി ദുബായിലെ ലക്ഷ്വറി വില്ലയിൽ ആരുടെയും ശല്യമില്ലാതെ സുഖമായി ജീവിക്കവേയാണ് ഒട്ടും പ്രതീക്ഷിക്കാതെയുള്ള ടാഗിയുടെ അറസ്റ്റ്. ദുബായ് പൊലീസിന്റെ മിടുക്കിനെ അഭിനന്ദിക്കുകയാണ് ഡച്ച് പൊലീസിപ്പോൾ. ഡച്ച് ഇന്റർപോൾ അറസ്റ്റ് വാറണ്ട് പുറത്തുവിട്ടതിന് തൊട്ട് പിന്നാലെയാണ് വ്യാജ തിരിച്ചറിയൽ രേഖകളും പാസ്പോർട്ടുമായി ടാഗി ദുബായിലേക്ക് കടന്നത്. നെതർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പൊലീസ് കഴിഞ്ഞ പത്ത് വർഷമായി ടാഗിയെ കുടുക്കാനുള്ള മത്സരത്തിലായിരുന്നു. ദുബായ് പൊലീസ് തന്റെ കൈയിൽ വിലങ്ങു വയ്ക്കുമ്പോൾ ' ഇങ്ങനെയൊന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല"എന്നാണ് ടാഗി പറഞ്ഞത്. ദുബായിൽ ടാഗിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് അഞ്ചാം നാൾ പൊലീസ് ടാഗിയെ പൊക്കുകയായിരുന്നു. ദുബായിൽ എത്തിയതിനുശേഷം തന്റെ പേരിൽ ഒരിടപാടുകളും ടാഗി നടത്തിയിരുന്നില്ല. തന്നെ കണ്ടെത്താനുള്ള എല്ലാ പഴുതുകളും ടാഗി അടച്ചിരുന്നെങ്കിലും ഒടുവിൽ പിടിക്കപ്പെട്ടു.

 ചരിത്ര പാരിതോഷികം

കൊല ടാഗിയെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് 100,000 യൂറോയാണ് ഡച്ച് പൊലീസ് പ്രഖ്യാപിച്ചിരുന്നത്. നെതർലൻഡ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാരിതോഷിക തുകയാണിത്. എന്നാൽ 2000ങ്ങളുടെ പകുതി വരെ ടാഗി പൊലീസിന്റെ ബ്ലാക്ക് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. മൊറോക്കോ, തെക്കേ അമേരിക്ക എന്നിവിടങ്ങൾ വഴി യൂറോപ്പിലേക്ക് വൻതോതിൽ കൊക്കെയ്ൻ കടത്താൻ തുടങ്ങിയതോടെ ടാഗി നോട്ടപ്പുള്ളിയായി. ഒരു കപ്പ് ചായ കുടിക്കുന്നതു പോലെയാണ് ഓരോ കൊലപാതവും ടാഗി ആജ്ഞാപിച്ചിരുന്നത്. കുറഞ്ഞത് 20 കൊലകളിലെങ്കിലും ടാഗിയ്ക്ക് പങ്കുള്ളതായി ഡച്ച് പൊലീസ് പറയുന്നു. ഈ കൊലകളെല്ലാം ടാഗിയുടേതോ സഹായിയായ റസ്വോക്കിയുടെയോ നിർദ്ദേശപ്രകാരമായിരുന്നു. റസ്വോക്കി ഇപ്പോഴും ഒളിവിലാണ്.

മോസ്റ്റ് വാണ്ടഡ് ക്രിമിനൽ

കൊലപാതകം ഡെർക്ക് വെയർസം എന്ന 44കാരനായ അഭിഭാഷകന്റെ കൊലപാതകം ടാഗിയ്ക്ക് നേരെ വിരൽച്ചൂണ്ടി. സെപ്‌റ്റംബറിൽ ആംസ്‌റ്റർഡാമിൽ വച്ചാണ് സ്വന്തം ഭാര്യയുടെ കൺമുന്നിൽ ഡെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ടാഗിയുടെ സംഘത്തിലെ മുൻഅംഗമായിരുന്ന നബിൽ ബി എന്നയാളുടെ അഭിഭാഷകനായിരുന്നു ഡെർക്ക്. നബിൽ ടാഗിയ്ക്കും റസ്വോക്കിയ്ക്കും എതിരെ സാക്ഷി പറഞ്ഞതോടെയാണ് കൊലപാതകം അരങ്ങേറിയത്. ഡെർക്കിന്റെ കൊലപാതകം അരങ്ങേറുന്നതിന് ഒരു വർഷം മുമ്പ് നബിലിന്റെ സഹോദരൻ കൊല്ലപ്പെട്ടിരുന്നു. ഇയാൾക്ക് ടാഗിയുടെ സംഘവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ‌ഡെർക്കിന്റെ മരണത്തോടു കൂടി ടാഗിയ്ക്കെതിരെയുള്ള അന്വേഷണം ഊർജിതമാകുകയായിരുന്നു. ഇതിന് മുമ്പ് യൂറോപ്പിലെ ' മോസ്റ്റ് വാണ്ടഡ്" ക്രിമിനലുകളുടെ ലിസ്റ്റിലായിരുന്നു ടാഗി.

 ലുക്ക് മാറ്റി കൊല
2015ലാണ് ടാഗിയുടെ പേര് ആദ്യമായി പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ക്രിമിനൽ ഗ്രൂപ്പ് നടത്തുന്ന കൊലപാതകങ്ങളെ സംബന്ധിച്ച അന്വേഷണമാണ് ടാഗിയിലെത്തിയത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ടാഗിയ്ക്ക് നേരെ ഒരു നടപടിയും സ്വീകരിക്കാനായില്ല. ആക്രമണങ്ങളും കൊലപാതകങ്ങളും ഇഷ്ടപ്പെടുന്ന ടാഗിയെന്ന കൊടും ക്രിമിനലിനെ പൊലീസ് ശരിക്കും തിരിച്ചറിഞ്ഞത് തൊട്ടടുത്ത വർഷമാണ്. തന്റെ സംഘത്തിലെ ചില ക്രിമിനലുകൾക്ക് ടാഗി അയച്ച സന്ദേശങ്ങൾ പൊലീസ് പിന്തുടർന്നിരുന്നു. തന്റെ സംഘത്തിലെ വിവരങ്ങൾ ചോർത്തിയ ഒരാളെ കൊന്നത് നന്നായി എന്ന് പറഞ്ഞ് കൊണ്ട് ടാഗി തന്റെ അനുയായിയ്ക്കയച്ച സന്ദേശവും പൊലീസ് ചോർത്തി. ലഹരി വസ്തുകൾ കപ്പൽ മാർഗം കടത്തുന്നതിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് 2013ൽ ടാഗി തന്റെ സഹോദരി ഭർത്താവിനെ കൊന്നുവെന്നും പറയപ്പെടുന്നു. 2017ൽ രണ്ട് തവണ ടാഗിയുടെ ഏഞ്ചൽസ് ഒഫ് ഡെത്ത് സംഘം ആളുമാറി കൊലപാതകം നടത്തിയിരുന്നു. വ്യാജ പാസ്പോർട്ടും വിസയുമുപയോഗിച്ച് യൂറോപ്പിൽ വ്യാപകമായി മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ ടാഗി തന്നെ തിരിച്ചറിയാതിരിക്കാൻ ഏതാനും മാസങ്ങൾ കൂടും തോറും തന്റെ ' ലുക്ക്" മാറ്റാനും ശ്രദ്ധിച്ചിരുന്നു.