കിളിമാനൂർ: മോഷ്ടാക്കൾ, കൊലപാതകികൾ എന്നിങ്ങനെ അന്യ സംസ്ഥാനക്കാരെ മുദ്രകുത്തുമ്പോൾ കളഞ്ഞുകിട്ടിയ സ്വർണ മോതിരം തിരിച്ചു നൽകി മാതൃകയാവുകയാണ് അസാം സ്വദേശികളായ രണ്ട് ഹോട്ടൽ ജീവനക്കാർ. ഹോട്ടൽ വേസ്റ്റ് തരംതിരിക്കുന്നതിനിടെ ഇവർക്ക് കിട്ടിയത് രണ്ട് പവനോളം വരുന്ന സ്വർണ മോതിരം. ഹോട്ടൽ കാമറയുടെയും മറ്റു ജീവനക്കാരുടെയും കണ്ണിൽപ്പെടാത്ത സ്ഥലത്തുനിന്നാണ് മോതിരം കിട്ടിയത്. സ്വന്തം പോക്കറ്റിലാക്കാൻ അവസരമുണ്ടായിട്ടും യുവാക്കളായ ഇരുവരും അതിന് മുതിർന്നില്ല. പകരം ഹോട്ടലുടമയെ കാത്തിരുന്ന് മോതിരം ഏൽപ്പിച്ചു.
കിളിമാനൂരിലെ 'വഴിയോരക്കട'യിലാണ് സംഭവം. മുഹമ്മദ് അക്തറും ഉസ്മാൻ അലിയുമാണ് കഥയിലെ നായകൻമാർ. ഹോട്ടൽ അടുക്കളയും ആഹാരം വിളമ്പുന്ന മേശപ്പുറവും വൃത്തിയാക്കലാണ് ഇവരുടെ ജോലി. അടുക്കളയുടെ പിന്നാമ്പുറമാണ് ഇവരുടെ തൊഴിലിടം. ആഹാരം വിളമ്പുന്നത് വാഴയിലയിലാണ്. ഇത് വാഷ് ബേസിന് സമീപമുള്ള ബിന്നിൽ ഇടുകയാണ് ചെയ്യാറ്. ഈ വാഴയിലയും അവശിഷ്ടങ്ങളും പിന്നീട് തരംതിരിച്ച് ഹോട്ടലുടമയുടെ തന്നെ കോഴി- താറാവ് ഫാമിലേക്ക് കൊണ്ടുപോകും. ബിന്നിൽ നിന്ന് അവശിഷ്ടങ്ങൾ തരംതിരിക്കുന്നതിനിടെയാണ് മോതിരം ലഭിച്ചത്. അപ്പോൾ മാനേജർ മഹേഷ് സ്ഥലത്തില്ലായിരുന്നു. മാനേജർ എത്തിയപ്പോൾ ഇരുവരും കാത്തിരുന്ന് മോതിരം കൈമാറുകയായിരുന്നു. ഇതുവരെയും മോതിരം അന്വേഷിച്ച് ആരും എത്തിയിട്ടില്ല. തൊഴിലാളികളുടെ സത്യസന്ധതയിൽ അഭിനന്ദന പ്രവാഹമാണ് . സോഷ്യൽ മീഡിയയിൽക്കൂടി സംഭവം വൈറലായപ്പോൾ ഇവരെ ഒന്നു കാണാൻ തിരക്കുകൂട്ടുകയാണ് ഹോട്ടലിലെത്തുന്നവരും.