human-interest

ബാലരാമപുരം: നട്ടെല്ലിലെ മജ്ജയിൽ കാൻസർ ബാധിച്ച രാമപുരം സ്വദേശിയായ ഏഴാം ക്ലാസുകാരി അഭിരാമിക്ക് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ)​ വീട് നിർമ്മിച്ച് നൽകും. അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് അദ്ധ്യാപകരിൽ നിന്നു സമാഹരിച്ച തുകയിൽ സമ്മേളനച്ചെലവ് ചുരുക്കി കണ്ടെത്തിയ തുക ഉപയോഗിച്ചാണ് വീടൊരുക്കുന്നത്. ഇന്ന് വൈകിട്ട് 4 ന് പുതിച്ചൽ പ്ലാവിള സ്കൂൾ ജംഗ്ഷനിൽ നടക്കുന്ന തറക്കല്ലിടൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിക്കും. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ നിർമ്മാണ നിർവഹണ സമ്മതപത്രം അഭിരാമിയുടെ കുടുംബത്തിന് കൈമാറും. രാമപുരം താന്നിനിന്നവിള വീട്ടിൽ ഷീറ്റ് മേഞ്ഞ വീട്ടിലാണ് പരാധീനതകളുമായി അഭിരാമിയും കുടുംബവും ജീവിതം തള്ളി നീക്കുന്നത്. കൽപ്പണിക്കാരനായ അജിയുടെയും വീട്ടമ്മയായ നിഷയുടെയും മൂത്ത മകളാണ് അഭിരാമി. ഇളയമകൾ അനഘ ശ്രീചിത്രാഹോം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. വീടിന് സമീപത്തെ മൂന്നര സെന്റിലാണ് പുതിയ വീട് പണിയുന്നത്. പുതിച്ചൽ ഗവ.യു.പി.എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിരാമിക്ക് രോഗലക്ഷണം കണ്ടു തുടങ്ങിയത്. എസ്.എ.ടി ആശുപത്രി,​ ആർ.സി.സി,​ വെല്ലൂർ മെഡിക്കൽ കോളേജ്,​ മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലെല്ലാം അഭിരാമിയെ ചികിത്സിച്ചു. 2018 ൽ കുറച്ച് നാൾ സ്കൂളിൽ പോയിരുന്നു. ആറാം തരത്തിലേക്ക് കടന്നെങ്കിലും ഇതുവരെയും ക്ലാസിലിരിക്കാൻ അഭിരാമിക്ക് സാധിച്ചിട്ടില്ല. വൻ തുകയാണ് ചികിത്സായിനത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നത്. പ്ലാവിള ജംഗ്ഷനിൽ ചേരുന്ന പൊതുയോഗത്തിൽ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ,​ സെക്രട്ടറി എം.എസ് പ്രശാന്ത്,​ ജനപ്രതിനിധികൾ,​ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ സി.പി.എം നേമം ഏരിയ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, കൺവീനർ ആർ.വിദ്യാ വിനോദ് എന്നിവർ അറിയിച്ചു.