
ശബരിമല: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അഗ്നിബാധയടക്കമുള്ള അപകടങ്ങൾ തടയാൻ ഒക്ടോബർ ഒന്നുമുതൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയെങ്കിലും ശബരിമല ബേസ് ക്യാമ്പായ നിലയ്ക്കലിൽ ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നത് അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലാതെ. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ എത്തുന്ന ഇവിടെ സുരക്ഷാ സൗകര്യങ്ങളില്ലാത്തത് വൻഅപകട ഭീഷണിയാണ് ഉയർത്തുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽ നിന്ന് ഇന്ധനം കിട്ടണമെങ്കിൽ ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. വാഹനത്തിൽ ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോൾ വൈദ്യുതി നിലച്ചാൽ പെട്രോൾ പമ്പിൽ കുടുങ്ങിപ്പോകും. ജനറേറ്റർ സംവിധാനം ഇല്ലാത്തതാണ് പ്രശ്നം.
ദുരവസ്ഥയിൽ സ്വാമി അയ്യപ്പാ ഫ്യുവൽസ്
പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും സ്വകാര്യ വാഹനങ്ങളിൽ മടക്കയാത്ര ആരംഭിക്കുന്ന ഭക്തർ ഇന്ധനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ പെട്രോൾ പമ്പിനെയാണ്. 2015 ഒക്ടോബറിലാണ് സ്വാമി അയ്യപ്പാ ഫ്യൂവത്സ് എന്ന പേരിൽ നിലയ്ക്കലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രധാന ഗോപുരത്തിന് സമീപം പമ്പ് ആരംഭിച്ചത്. പമ്പ് അനുവദിക്കുമ്പോൾ ഉണ്ടാവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇവിടെയില്ല.പമ്പ് അനുവദിക്കും മുൻപ് ഉറപ്പാക്കേണ്ട പ്രാഥമികസൗകര്യങ്ങൾ പാേലുമില്ല. ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ 20 കിലോമീറ്ററിലധികം സഞ്ചരിച്ച് എരുമേലി - കോട്ടയം റൂട്ടിൽ മുക്കൂട്ടുതറയിലോ പത്തനംതിട്ട റൂട്ടിൽ പെരുനാട്ടിലോ എത്തണം. ഈ വഴിയിൽ കൂടുതൽ ഭാഗവും വനമാണ്. വന്യമൃഗശല്യവുമുണ്ട്. ഇക്കാരണത്താൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നാലും ഇവിടുത്തെ പൊട്രോൾ പമ്പിന്നെ തന്നെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് വാഹന ഉടമകൾ.
പമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് കാട്ടി വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നടത്താൻ മറ്റ് മാർഗങ്ങളാണ് ആശ്രയം. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റവും മോശമാണെന്ന് പരാതിയുണ്ട്. തീർത്ഥാടനത്തിന് മുൻപ് എല്ലാം ഭദ്രമാണെന്നായിരുന്നു ബോർഡിന്റെ അവകാശവാദം. പമ്പ് സ്ഥാപിച്ചപ്പോഴുള്ള സൗകര്യങ്ങൾ മാത്രമാണ് ഇപ്പോഴുമുള്ളത്.
സുരക്ഷാ മാനദണ്ഡങ്ങൾ പറയുന്നത്
കേന്ദ്ര സർക്കാരിന് കീഴിലെ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്ടി ഓർഗനൈസേഷനാണ് (പെസോ) സുരക്ഷാ മാർഗനിർദേശങ്ങൾ തയ്യാറാക്കിത്. എല്ലാ പെട്രോളിയം വിതരണക്കാർക്കും പമ്പുകൾക്കും പുതിയ ദുരന്തനിവാരണ പ്ലാനും നൽകി.
അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓരോ ജീവനക്കാരനും ചെയ്യേണ്ട കടമകൾ സംബന്ധിച്ച് ഇതിൽ നിർദേശമുണ്ട്. അടുത്തിടെ കൊല്ലം കാവനാട് പെട്രോൾ പമ്പിൽ ഉണ്ടായ തീപിടിത്തത്തെതുടർന്നായിരുന്നു നടപടി. പമ്പുകളിൽ ഉണ്ടാവുന്ന നിസാര അപകടങ്ങൾപോലും ഇന്ധനവിതരണ ഏജൻസിയുടെ ഡിവിഷണൽ മാനേജരെ അറിയിക്കണം. ഡിവിഷണൽ മാനേജരും എൻജിനീയറിംഗ് വിഭാഗം മാനേജരും ഇത്തരം സംഭവങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണം. ഏത് പമ്പിലും അറ്റകുറ്റപ്പണികൾ ആവശ്യമായിവന്നാൽ 48 മണിക്കൂറിനകം നിർവഹിക്കണം. അപകടകരമായ ചോർച്ച ഉണ്ടായാൽ 24 മണിക്കൂറിനകം പരിഹരിക്കണം. സ്ത്രീകളടക്കമുള്ള പമ്പിലെ എല്ലാ ജീവനക്കാരും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരായിരിക്കണം. മൂന്നുമാസത്തിലൊരിക്കൽ ഇവർക്ക് സെയിൽസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകണം.
പമ്പിലും പരിസരത്തും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെപ്പറ്റി നോട്ടീസ് പതിക്കണം. അനാവശ്യമായി വാഹനങ്ങൾ പമ്പുകളിൽ പാർക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം. വാഹനങ്ങൾ എപ്പോഴും പുറത്തേക്ക് ഓടിച്ചിറക്കാവുന്ന രീതിയിൽ പാർക്ക് ചെയ്യണം. ഇന്ധനം വിതരണം ചെയ്യുന്ന ഡിസ്പെൻസിംഗ് യൂണിറ്റിലെ എല്ലാവസ്തുക്കളിലും തീപിടിക്കാത്ത സംവിധാനം ഉറപ്പാക്കണം.
ഓരോ പമ്പ് ഐലൻഡിലും രണ്ടുവീതം ഫയർ എക്സ്റ്റിംഗ്വിഷറും രണ്ട് വാട്ടർ ബക്കറ്റും വച്ചിരിക്കണം. ഡിസ്പെൻസിംഗ് യൂണിറ്റുകളിൽ ഇലക്ട്രോണിക് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി.) പ്രവർത്തനക്ഷമമായിരിക്കണം. അടിയന്തരഘട്ടങ്ങളിൽ ടാങ്കുകളിൽനിന്ന് ഡിസ്പെൻസിംഗ് യൂണിറ്റിലേക്ക് ഇന്ധനം വരുന്നത് തടയാനുള്ള എമർജൻസി ഷട്ട്ഡൗൺ സ്വിച്ച് പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കണം.