ബലാത്സംഗ പരമ്പരയാൽ കുപ്രസിദ്ധി നേടിയ യു.പിയിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന് പ്രത്യേക കോടതി എന്ത് ശിക്ഷയാണ് വിധിക്കാൻ പോകുന്നതെന്ന് ഇന്ന് അറിയാനാകും. കേസിൽ സെൻഗർ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിക്കഴിഞ്ഞു. ശിക്ഷ എന്തായിരിക്കണമെന്നതിൽ ഇക്കഴിഞ്ഞ ദിവസം വാദം നടന്നെങ്കിലും പൂർത്തിയായിട്ടില്ല. പ്രതിക്ക് ജീവപര്യന്തം കഠിന തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം ശിക്ഷയെക്കുറിച്ച് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ പ്രതിയിൽ നിന്നുണ്ടായ അപേക്ഷ അതീവ വിചിത്രവും പരിഹാസ്യവുമായി തോന്നി. നാലുവട്ടം എം.എൽ.എ പദവിയിലിരുന്ന് ജനങ്ങളെ സേവിച്ചത് കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നാണ് പ്രതി അപേക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുടെ പിതാവെന്ന പരിഗണനയോടെ വേണം ശിക്ഷ വിധിക്കാനെന്നും സെൻഗർ അഭ്യർത്ഥിച്ചു. ജയിൽ വാസത്തിലുടനീളം കാണിച്ച നല്ല നടപ്പിന്റെ പേരിലും പ്രതി ആനുകൂല്യം തേടുകയുണ്ടായി.
ജനസേവനത്തിന്റെ പേരിൽ ബലാത്സംഗ കേസിൽ ഇളവുതേടുന്ന ഇൗ ജനപ്രതിനിധി ചെയ്തു കൂട്ടിയതെന്തെല്ലാമാണെന്ന് ഇന്ത്യയൊട്ടാകെ ഇന്ന് പാട്ടാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുക മാത്രമല്ല വിവരം പുറത്തു പറഞ്ഞാൽ ഭൂമിയിൽ വച്ചേക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭരണകക്ഷി എം.എൽ.എ എന്ന നിലയിൽ പൊലീസിനെ സ്വാധീനിച്ച് കേസിൽപ്പെടാതെ ആവതും നോക്കിയതാണ്. എന്നാൽ പ്രതിയെ പിടികൂടി കേസെടുത്തില്ലെങ്കിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഒൗദ്യോഗിക വസതിക്ക് മുന്നിൽ താൻ ആത്മാഹൂതി നടത്തുമെന്ന വിരട്ടലിലാണ് സെൻഗറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ കേസ് കാര്യങ്ങൾക്കായുള്ള യാത്രയ്ക്കിടെ പെൺകുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിൽ തെറ്റായ ദിശയിലൂടെ പാഞ്ഞെത്തിയ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടി മരണത്തോളം എത്തിയതാണ്. കുട്ടിയുടെ രണ്ട് അമ്മായിമാരും അഭിഭാഷകനും ഇൗ അപകടത്തിൽ മരണമടഞ്ഞിരുന്നു. ഇൗ വാഹനാപകടവും സെൻഗറിന്റെ സൃഷ്ടിയാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കി ലോക്കപ്പിലിട്ട് മർദ്ദിച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ടും കേസുണ്ട്. സുരക്ഷ മുൻനിറുത്തി പെൺകുട്ടിയും കുടുംബവും ഇപ്പോൾ ഡൽഹിയിൽ വനിതാകമ്മിഷന്റെ സംരക്ഷണയിൽ കഴിയുകയാണ്.
ഉന്നാവോ സംഭവം സമാനമായ മറ്റു പീഡനങ്ങൾപോലെ രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധവും ഉയർന്നിരുന്നു. അധികാരവും സ്വാധീനവുമുള്ളവരുടെ മുമ്പിൽ നിയമവും നീതിയുമൊക്കെ വഴിമാറുമ്പോൾ സമൂഹത്തിലെ സാധാരണക്കാർ നേരിടേണ്ടി വരുന്ന ദുർഗതിയുടെയും നിസഹായതയുടെയും ദയനീയ ചിത്രമാണ് ഉന്നാവോ സംഭവം കാട്ടിത്തന്നത്. ഭരണകക്ഷിയിലെ പ്രബലനായ നേതാവ് എന്ന നിലയിൽ സെൻഗറിന് പരിപൂർണ സംരക്ഷണം ലഭിച്ചപ്പോൾ അയാൾ കശക്കിയെറിഞ്ഞ ഇരയ്ക്കും കുടുംബത്തിനും കള്ളക്കേസുകളിൽ പെട്ട് നട്ടംതിരിയാനായിരുന്നു വിധി. പോക്സോ കേസിലെ പ്രതിയായിട്ടും വലിയ ജനകീയ പ്രക്ഷോഭംതന്നെ വേണ്ടിവന്നു സെൻഗറെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കാൻ. കുറ്റവാളിയെന്ന് ഇപ്പോൾ കോടതി കണ്ടെത്തിയപ്പോഴും സെൻഗർ ശിക്ഷയിൽ ഇളവ് വേണമെന്ന് അപേക്ഷിക്കുന്നത് 'ജനസേവന"ത്തിന്റെ പേരിലാണെന്നതാണ് വിരോധാഭാസം. ജനസേവനത്തിന്റെ പരിധിയിൽ പാവം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നതും ഉൾപ്പെടുമെന്നത് പുതിയ അറിവാണ്. ഉന്നാവോ കേസിൽ ആദ്യം പൊലീസിനും പിന്നീട് സി.ബി.ഐയ്ക്കും സംഭവിച്ച ഗുരുതരമായ വീഴ്ചകൾ വിചാരണ കോടതി അക്കമിട്ടു പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി എടുക്കാൻ പോയ പൊലീസ് സംഘത്തിൽ ഒരു വനിതാ കോൺസ്റ്റബിളിനെപ്പോലും ഉൾപ്പെടുത്തിയിരുന്നില്ല. കുറ്റപത്രം സമർപ്പിക്കുന്നതിലും അസാധാരണമായ കാലതാമസമുണ്ടായി. സി.ബി.ഐ കേസ് ഏറ്റെടുത്തതുകൊണ്ടു മാത്രമാണ് 'ജനസേവകൻ" ഇപ്പോൾ ശിക്ഷിക്കപ്പെടുമെന്ന നിലയിലെത്തിയിരിക്കുന്നത്. കൂട്ടുപ്രതിയായി ഒരുത്തൻകൂടിയുണ്ടായിരുന്നു. അയാൾക്കെതിരെ വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കോടതി അയാളെ വെറുതെ വിടുകയും ചെയ്തു.
സമൂഹത്തിലെ ഉന്നതന്മാർ ഉൾപ്പെട്ട കേസുകളോട് പൊലീസ് പുലർത്തുന്ന നിയമവിരുദ്ധ സമീപനത്തിന്റെ ഒന്നാന്തരം ഉദാഹരണങ്ങളിലൊന്നായി ഉന്നാവോ കേസ് നിലനിൽക്കും. പണവും സ്വാധീനവുമുള്ള അധികാരി വർഗത്തിന് മുമ്പിൽ ഒാച്ഛാനിച്ച് നിൽക്കാൻ വിധിക്കപ്പെട്ട നിയമപാലകരുടെ നിസഹായതയും കാണാതിരുന്നുകൂടാ. ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെ അകറ്റിനിറുത്താൻ രാഷ്ട്രീയകക്ഷികൾ തയ്യാറാകത്തിടത്തോളം കാലം ഇത്തരക്കാർ തിരഞ്ഞെടുപ്പുകളിൽ ജയിച്ച് ജനസേവകരുടെ മുൻനിരയിൽത്തന്നെ ഉണ്ടാകും. എന്ത് അധർമ്മം ചെയ്താലും ജനപ്രതിനിധി എന്ന തണൽ ഇക്കൂട്ടർക്ക് പരമാവധി സുരക്ഷ നൽകും. സമൂഹത്തെ പിടിച്ചുലയ്ക്കുന്ന ചില സംഭവങ്ങളിൽ പക്ഷേ കാലിടറി അവർ വീണെന്നുമിരിക്കും. ഉന്നാവോയിലെ സെൻഗറിന്റെ അനുഭവം അത്തരത്തിലുള്ള ഒന്നാണ്.