തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവോടെ, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ അദാനിഗ്രൂപ്പിനുള്ള തടസം നീങ്ങിയെങ്കിലും ഇവിടെ വികസനത്തിന് മുടക്കുന്ന കോടികൾ തിരിച്ചുപിടിക്കുക അവർക്ക് വെല്ലുവിളിയായിരിക്കും. സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളിൽ പരസ്യം, റിയൽ എസ്റ്റേറ്റ് വികസനം എന്നിവയിലൂടെയാണ് നടത്തിപ്പുകാർ മുടക്കുമുതൽ തിരിച്ചുപിടിക്കുന്നത്. 628.70ഏക്കർ സർക്കാർ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം. ടെർമിനൽ വികസനത്തിന് സ്ഥലമില്ലാത്തതിനാൽ 18 ഏക്കർ സർക്കാർ ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. അതേസമയം ബംഗളൂരു വിമാനത്താവളത്തിന് 5200, നെടുമ്പാശേരിയിൽ 1300, കണ്ണൂരിൽ 3200 ഏക്കർ വീതം സ്ഥലമാണുള്ളത്. അതിനാൽ പണമുണ്ടാക്കാനുള്ള റിയൽ എസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഇവിടെ ഭൂമി കുറവാണ്. തൊട്ടതെല്ലാം പൊന്നാക്കിയ അഹമ്മദാബാദുകാരൻ ഗൗതം അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ പുതുതന്ത്രങ്ങൾ പയറ്റേണ്ടിവരും.
തിരുവനന്തപുരത്തെ ഓരോ യാത്രക്കാരനും 168രൂപവീതം അദാനി വിമാനത്താവള അതോറിട്ടിക്ക് നൽകണം. 44.93ലക്ഷം യാത്രക്കാരാണ് ഇവിടെയുള്ളത്. പാട്ടക്കരാർ പ്രകാരം 75കോടിയിലേറെ അദാനി പ്രതിവർഷം നൽകേണ്ടിവരും. ആഭ്യന്തര യാത്രക്കാർക്ക് 450, രാജ്യാന്തര യാത്രക്കാർക്ക് 950 രൂപ എന്നിങ്ങനെ യൂസർ ഫീസുണ്ട്. പ്രതിവർഷം നാലുശതമാനം വർദ്ധനയുമുണ്ട്. 2021വരെ ഇതിൽ മാറ്റം വരുത്താനാവില്ല. യൂസർഫീസ് കൂടുതലായതിനാൽ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്. ഇനിയും നിരക്കുയർത്തുന്നത് യാത്രക്കാരെ അകറ്റും. 50വർഷത്തേക്ക് വിമാനത്താവളവും ഭൂമിയും കൈയിലുള്ളതിനാൽ വാണിജ്യ-പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ച് അദാനിക്ക് പിടിച്ചുനിൽക്കാനാവും.
വളരുമോ തളരുമോ
50വർഷത്തെ വികസനത്തിന് അദാനിയാണ് പണം മുടക്കേണ്ടത്. സർവീസുകളും യാത്രക്കാരെയും കൂട്ടിയാലേ രക്ഷയുള്ളൂ.
അദാനിയുടെ 5 വിമാനത്താവളങ്ങൾ കൂട്ടിയിണക്കിയുള്ള സർവീസുകളുണ്ടായാൽ തിരുവനന്തപുരത്തിന് കുതിപ്പുണ്ടാകും
വിദേശ സ്വകാര്യ പങ്കാളിയുണ്ടായാൽ അടിസ്ഥാന സൗകര്യ വികസനകുതിപ്പും ലോകോത്തര സൗകര്യങ്ങളുമുണ്ടാവും
കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുകൾ തുടങ്ങാം, കണക്ഷൻ സർവീസുകളും കൂടും
റിയൽ എസ്റ്റേറ്റ് വികസനമുണ്ടായില്ലെങ്കിൽ അദാനി വിമാനത്താവളത്തെ കൈവിടുമോയെന്ന് ആശങ്കയുണ്ട്
ആഭ്യന്തര ടെർമിനലിലും ബാർ തുടങ്ങാം
വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടി ഫ്രീഷോപ്പ് ഏറ്റെടുത്ത് അദാനിക്ക് വലുതാക്കാം. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാൽ നേരിട്ടു നടത്തുന്നുണ്ട്. പ്രതിവർഷം ലാഭം 250 കോടിയാണ്. ഡ്യൂട്ടിഫ്രീ കരാറുകാരനെ ഏൽപ്പിച്ചാൽ 50ശതമാനം ലാഭം അദാനിക്ക് കിട്ടും. കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കാം. സെക്യൂരിറ്റി ഏരിയയിലെ കടകളുടെയും ബാറിന്റെയും വലിപ്പം അദാനിക്ക് കൂട്ടാനാവും. ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ തുറന്നും പണമുണ്ടാക്കാം. ട്രോളിയിൽ വരെ പരസ്യം പതിക്കാം. ഗ്രൗണ്ട്‌ഹാൻഡ്‌ലിംഗ് ഇനത്തിലും റോയൽറ്റി കിട്ടും. വാണിജ്യ-പരസ്യ മാർഗത്തിലൂടെ 700കോടിയാണ് നെടുമ്പാശേരിയിലെ വരുമാനം. വിഴിഞ്ഞം തുറമുഖ നടത്തിപ്പിനു പുറമേ വിമാനത്താവളം കൂടി കിട്ടുന്നതോടെ അദാനി തിരുവനന്തപുരത്ത് വൻശക്തിയാവും.
ഒറ്റപൈസ നിക്ഷേപം നടത്താതെ സ്വകാര്യവത്കരണത്തിലൂടെ എയർപോർട്ട് അതോറിട്ടിക്ക് കിട്ടുന്നത് - 1000കോടി
തിരുവനന്തപുരം വിമാനത്താവള വികസനത്തിന് അദാനി നീക്കിവച്ചിട്ടുള്ളത് - 1600കോടി
വിമാനത്താവളം
യാത്രക്കാർ-44.93 ലക്ഷം
വളർച്ചാനിരക്ക്-5.3%
സർവീസുകൾ-31,000