ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി ഗ്രന്ഥശാല ഒരുക്കി. കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രത്തിലാണ് ഗ്രന്ഥശാല ഒരുക്കിയിരിക്കുന്നത്. കോളേജ് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളും അദ്ധ്യപകരുടെ നേതൃത്വത്തിൽ വാങ്ങിച്ചു നൽകിയ അലമാരയും ഉപയോഗിച്ചാണ് ഈ ഗ്രന്ഥശാല ആരംഭിച്ചത്. ആവശ്യക്കാർക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനും, ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുവാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്രന്ഥശാലയുടെ സംരക്ഷണം അവിടെ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ്. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി. മണികണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ മുഖ്യാതിഥിയായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സീക്യൂട്ടീവ് അംഗം എസ്. പ്രവീൺ ചന്ദ്ര, ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്റ്റിൻ ജോസ്, ഡോ. സുനിൽ രാജ്, അജിൻ ചന്ദ്രൻ, ഡോ. കെ ബി. ശെൽവമണി, ഡോ. കെ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.