തിരുവനന്തപുരം:രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊരുതുന്ന ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 'നിശബ്ദമാകാത്ത തെരുവുകൾ, നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾ' പൊരുതുന്ന ഇന്ത്യയ്ക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.എസ്. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീർ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു, ജെ.എൻ.യുവിലെ എ.ഐ.എസ്.എഫ് നേതാവ് അമുദ ജയദീപ്, സമൂഹിക പ്രവർത്തകൻ ഇ.പി. അനിൽ, കവി രാധാകൃഷ്ണൻ കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.