വിതുര: നിർദ്ദിഷ്ട വെള്ളനാട് - ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡിൽ ചാരുപാറ മുതൽ ചായം വരെയുള്ള ഭാഗത്ത് അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. വിതുരയിലെയും സമീപപ്രദേശങ്ങളിലേയും സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ദിനംപ്രതി കടന്നുപോകുന്ന ഈ പ്രധാന റോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നത്. മാത്രമല്ല പാലോട്, നെടുമങ്ങാട്, ആര്യനാട് ഭാഗത്തേക്കും നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അടുത്തിടെയാണ് ചായം ശ്രീഭദ്രകാളിക്ഷേത്ര ജംഗ്ഷന് സമീപത്തുവച്ച് സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചത്. നേരത്തേ എം.ജി.എം പൊൻമുടി വാലി സ്കൂളിന് സമീപം ആട്ടോറിക്ഷ കുഴിയിൽ വീണ് നാലു പേർക്ക് പരുക്കേറ്റിരുന്നു. അമിത വേഗത്തിന് തടയിടാൻ റോഡിൽ ഹംപുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ റൂട്ടിൽ പുറമ്പോക്ക് ഭൂമി കൈയേറി വ്യാപകമായി അനധികൃത നിർമ്മാണങ്ങൾ നടത്തിയിട്ടും യാതൊരു നടപടികളും അധികാരികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്പെഷ്യൽ പാക്കേജ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചില മേഖലകളിൽ ഭൂമി എടുത്തെങ്കിലും മറ്റിടങ്ങളിൽ പുറമ്പോക്ക് ഒഴിപ്പിച്ചില്ലെന്ന് പരാതിയുണ്ട്.
വില്ലനാകുന്ന ടിപ്പറുകൾ
ഇൗ റോഡിൽ ടിപ്പറുകളും ബൈക്കുകളും അമിതവേഗതയിൽ പായുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. ടിപ്പറുകളുടെ ആധിക്യവും അമിതവേഗവും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ആരോപണമുണ്ട്. സ്കൂളിന് മുന്നിലൂടെ പോലും വാഹനങ്ങൾ അമിത വേഗതയിൽ പായുന്നത് വിദ്യാർത്ഥികൾക്കും പ്രശ്നമായിട്ടുണ്ട്. റോഡരിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. നിരവധി അപകടങ്ങൾ നടന്നിട്ടും യാതൊരു സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടില്ല. ഇതോടെ പൊലീസിന്റെ ശ്രദ്ധ ഈ ഭാഗത്തേക്ക് പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.