photo

നെടുമങ്ങാട്: പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കുന്ന കോയിക്കൽ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 21 മുതൽ 24 വരെ നെടുമങ്ങാട് ടൗൺ എൽ.പി.എസിൽ നടക്കുന്ന പുസ്തകോത്സവത്തിനായി പ്രധാന കവലകളെല്ലാം കട്ടൗട്ടുകളും കമാനങ്ങളും കൊണ്ട് ആകർഷകമാക്കി. കലാപരിപാടികൾ, സെമിനാറുകൾ, സംവാദം, കവി സമ്മേളനം, ഫുഡ്‌ഫെസ്റ്റിവൽ, പ്രതിഭാസംഗമം എന്നിവയും പുസ്തകമേളയോടനുബന്ധിച്ച് നടക്കും. പുസ്തകോത്സവം 21 ന് വൈകിട്ട് 5 ന് സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ പെരുമാൾ മുരുകൻ ഉദ്‌ഘാടനം ചെയ്യും. ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ, വിനോദ് വൈശാഖി തുടങ്ങിയവർ സംസാരിക്കും. 22 ന് വൈകിട്ട് നടക്കുന്ന മാദ്ധ്യമ സെമിനാറിൽ എൻ.പി. ചന്ദ്രശേഖരൻ, ഇ. സനീഷ്‌, അഭിലാഷ് മോഹൻ, അപർണസെൻ, വിധു വിൻസന്റ്, സി.പി. അജിത എന്നിവർ പങ്കെടുക്കും. നെടുമങ്ങാട് താലൂക്കിലെ മുതിർന്ന പത്രപ്രവർത്തകരായ എം.ബി. ദിവാകരനെയും ആനാട് ശശിയേയും ആദരിക്കും. 23ന് എഴുത്തുകാരുടെ കൂട്ടായ്മ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. പിരപ്പൻകോട് മുരളി മുഖ്യപ്രഭാഷണം നടത്തും. 24 ന് വൈകിട്ട് ഇന്ത്യൻ ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ മന്ത്രി കെ.ടി. ജലീൽ ഉദ്‌ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മോഡറേറ്ററാവും. സംഘാടകസമിതി ചെയർമാൻ അഡ്വ. ആർ. ജയദേവൻ, ജനറൽ കൺവീനർ ഷിജൂഖാൻ, പ്രോഗ്രാം കൺവീനർ കെ.പി. പ്രമോഷ്, എഴുത്തുകാരൻ പി.കെ. സുധി തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.