വർക്കല: ശിവഗിരി ശ്രീ നാരായണാകോളേജ് അലുമിനിയുടെ യു.എ.ഇ ചാപ്റ്ററിന്റെ സീനിയർ ലീഡർ ആയിരുന്ന അന്തരിച്ച ലിപു സുരേന്ദ്രന്റെ കുടുംബത്തിനെ സഹായിക്കാനായി ശിവഗിരി ശ്രീനാരായണകോളേജ് അലുമിനിയും (എസ്.എൻ.സി.എ) ആൾ കേരള കോളേജ്‌സ് അലുമിനി ഫോറവും (അക്കാഫ് വോളണ്ടിയർ ഗ്രൂപ്പ്, ദുബൈയും) സ്വരൂപിച്ച 13 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. എം.എൽ.എ സത്യൻ, വർക്കല കഹാർ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ജോളി, എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം, എസ്.എൻ കോളേജ് എഫ്.എസ്.എ ജനറൽ സെക്രട്ടറി ശിവകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എസ്.എൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന യു.എ.ഇ ചാപ്റ്റർ (എസ്.എൻ.സി.എ) പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ ലിപുവിന്റെ ഭാര്യ ഹേന ലിപുവിനും മകൾ മാളവികയ്ക്കും ചെക്ക് കൈമാറി. ലിപുവിന്റെ മകൾക്ക് വിദ്യാഭ്യാസവും തുടർന്നു ജോലിക്കു വേണ്ടുന്ന സഹായങ്ങളും ചെയ്യാൻ തയ്യാറാണെന്ന് എസ്.എൻ കോളേജിന്റെയും അക്കാഫ് വോളണ്ടിയർ ഗ്രുപ്പിന്റെയും പ്രതിനിധികൾ അറിച്ചു. അക്കാഫ് വോളണ്ടിയർ ഗ്രുപ്പിന്റെ പ്രതിനിധിയായി ദീപുലാൽ രാഘവൻ ചടങ്ങിൽ പങ്കെടുത്തു.